ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി തർക്ക പരിഹരത്തിന് പ്രത്യേക സമിതി രൂപീകരിക്കാൻ ധാരണ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. സേനകൾക്കിടയിലടക്കം അതിർത്തിയിൽ തർക്കങ്ങൾ തീർക്കാൻ മദ്ധ്യ, കിഴക്കൻ മേഖലകളിലും സംവിധാനങ്ങൾ വരും. നിലവിൽ വടക്കൻ മേഖലയിൽ മാത്രമാണുള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസ് പുനരാരംഭിക്കാനും ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കും.
ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം പരസ്പര സഹകരണത്തോടെ ആഘോഷിക്കും. കൈലാസ് മാനസരോവർ യാത്രക്ക് അടുത്തവർഷം കൂടുതൽ സൗകര്യമൊരുക്കും. ലിപുലേഖ് പാസ്, ഷിപ്കില പാസ്, നാഥു ലാ പാസ് എന്നിവിടങ്ങളിലൂടെയുള്ള വ്യാപാരബന്ധം പുനരാരംഭിക്കാനും തീരുമാനിച്ചു.
അതേസമയം, ബ്രിക്സ് ഉച്ചകോടി 2026ൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഇന്ത്യയിലെത്തുമെന്നുമാണ് വിവരം. ഇന്നലെ ഡൽഹിയിൽ നടന്ന പ്രത്യേക പ്രതിനിധി ചർച്ചയുടെ 24-ാം റൗണ്ടിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയും പങ്കെടുത്തു. 25-ാം റൗണ്ട് ചർച്ച 2026ൽ ചൈനയിൽ നടക്കും.
സംഘർഷഭരിതമായ അന്താരാഷ്ട്ര സാഹചര്യത്തിൽ ഇന്ത്യക്കും ചൈനയ്ക്കും പൊതുവായ വെല്ലുവിളികളുണ്ടെന്ന് ഡോവൽ ചൂണ്ടിക്കാട്ടി. അതിനാൽ പരസ്പര സഹകരണം പ്രധാനമാണ്. 2024 ഒക്‌ടോബറിൽ റഷ്യയിലെ കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും നടത്തിയ ചർച്ചയാണ് നിർണായകമായത്.
മോദി ചൈന സന്ദർശിക്കാനിരിക്കെ നടന്ന ചർച്ച നിർണായകമാണെന്ന് ഡോവൽ പറഞ്ഞു. ആഗസ്റ്റ് 31, സെപ്തംബർ 1 തീയതികളിൽ ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബന്ധത്തിലെ വിള്ളൽ നല്ലതല്ല
ഇന്ത്യ-ചൈന ബന്ധത്തിലെ വിള്ളൽ ഇരു രാജ്യങ്ങൾക്കും നല്ലതായിരുന്നില്ലെന്ന് വാങ് യി പറഞ്ഞു. 2024ലെ മോദി-ഷീ ചർച്ച അതിർത്തിയിലെ സ്ഥിതി മെച്ചപ്പെടുത്താൻ സഹായിച്ചു. സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. മോദിയുടെ സന്ദർശനത്തിന് ചൈന വലിയ പ്രാധാന്യം നൽകുന്നു. ആരോഗ്യകരവും സുസ്ഥിരവുമായ ചൈന-ഇന്ത്യ ബന്ധം ഇരു രാജ്യങ്ങളുടെയും അടിസ്ഥാനപരവും ദീർഘകാലവുമായ താത്പര്യങ്ങൾക്ക് സഹായകമാണെന്ന് ചരിത്രം തെളിയിക്കുന്നു. വികസ്വര രാജ്യങ്ങൾ ആഗ്രഹിക്കുന്നതും അതാണ്.
2020ലെ ഗാൽവാൻ സംഘർഷത്തിനുശേഷം വഷളായ ബന്ധം പൂർവസ്ഥിതിയിലാക്കാനുള്ള ചർച്ചകൾ ഒരു വർഷമായി പുരോഗമിക്കുകയാണ്. കിഴക്കൻ ലഡാക്ക് മേഖലയിലെ നിയന്ത്രണരേഖയിൽ ഇരു രാജ്യങ്ങളും 50,000 - 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |