ന്യൂഡൽഹി: ജനങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള വലിയ പദ്ധതിയാണ് ബീഹാറിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുമായി ചേർന്ന് നടപ്പാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഇന്ത്യ' മുന്നണി ബീഹാറിൽ നടത്തുന്ന വോട്ട് അധികാർ യാത്രയുടെ മൂന്നാം ദിവസം നവാദയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഹാറിലെ ജനങ്ങളുടെ വോട്ടുകൾ മോഷ്ടിക്കാൻ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഒരു പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരെല്ലാം ബീഹാറിലെ ജനങ്ങളുടെ വോട്ടുകൾ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണ്. ആദ്യം, അവർ നിങ്ങളുടെ വോട്ടർ കാർഡും പിന്നീട് റേഷൻ കാർഡും മോഷ്ടിക്കും. തുടർന്ന് ഭൂമി തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നൽകും.
'ഇന്ത്യ' മുന്നണി ബീഹാറിൽ നിന്ന് ഒരു വോട്ട് പോലും മോഷ്ടിക്കാൻ അവരെ അനുവദിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കി. മുൻ ബീഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവും മറ്റ് മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
രാഹുലിന്റെ കാറിടിച്ച്
പൊലീസുകാരന് പരിക്ക്
'വോട്ടർ അധികാർ യാത്ര'യ്ക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു പൊലീസുകാരന് പരിക്ക്. രാഹുലിന്റെ തുറന്ന ജീപ്പ് നവാഡയിലെ തിരക്കേറിയ തെരുവിലൂടെ കടന്നുപോകവെ പൊലീസുകാരന്റെ കാലിൽ കയറി. പ്രവർത്തകരും മറ്റ് നേതാക്കളും ചേർന്ന് വാഹനം പിന്നിലേക്ക് തള്ളിമാറ്റി പൊലീസുകാരനെ ചക്രങ്ങൾക്കടിയിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. ജീപ്പിനു മുകളിൽ നിന്ന രാഹുൽ ഉടൻ വെള്ളക്കുപ്പി എടുത്ത് പരിക്കേറ്റ പൊലീസുകാരനെ സഹായിക്കാൻ നിർദ്ദേശം നൽകി. പിന്നീട് അദ്ദേഹം പൊലീസുകാരനുമായി സംസാരിച്ചു. അതിനിടെ രാഹുലിന്റേത് ജനതയെ ഞെരിക്കുന്ന യാത്രയാണെന്ന് ബി.ജെ.പി കളിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |