ന്യൂഡൽഹി: തുടർച്ചയായി ഒരുമാസം ജയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ വ്യവസ്ഥയുള്ള ബില്ലുകൾ ധൃതിപിടിച്ച് കൊണ്ടുവന്നതിൽ ദുരൂഹത ആരോപിച്ചാണ് പ്രതിപക്ഷം ലോക്‌സഭയിൽ എതിർപ്പ് പ്രകടിപ്പിച്ചത്. ബില്ലിന്റെ പകർപ്പ് ചൊവ്വാഴ്‌ച രാത്രി ഒരുമണിക്കാണ് തങ്ങൾക്ക് നൽകിയതെന്ന് ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. രണ്ട് ദിവസം മുൻപ് നൽകണമെന്നാണ് ചട്ടം.
ഫെഡറലിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ അട്ടിമറിക്കുന്ന ബിൽ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ പറഞ്ഞു. ഗുജറാത്ത് മന്ത്രിയായിരിക്കെ ജയിലിലായ താങ്കൾക്ക് എങ്ങനെ ബിൽ അവതരിപ്പിക്കാൻ കഴിയുന്നുവെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായോട് ചോദിച്ചു. പ്രതിയായപ്പോൾ രാജിവച്ചെന്നും കോടതി വെറുതെ വിട്ടപ്പോളാണ് തിരിച്ചുവന്നതെന്നും ഷായുടെ മറുപടി.
എൻ.ഡി.എ സഖ്യകക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡുവിനും നിതീഷ് കുമാറിനും ബിൽ ഭീഷണിയാകുമെന്നും വേണുഗോപാൽ പറഞ്ഞു.
രാജ്യമെങ്ങും നടപ്പാക്കാൻ
മൂന്ന് ബില്ലുകൾ
മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കായി ജമ്മുകാശ്‌മീർ പുനഃസംഘടനാ ഭേദഗതി ബില്ലും ഡൽഹി അടക്കം കേന്ദ്രഭരണ പ്രദേശങ്ങൾക്കായി കേന്ദ്രഭരണ സർക്കാർ ഭേദഗതി ബില്ലും പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാർ,മന്ത്രിമാർ എന്നിവർക്കായി 130-ാം ഭരണഘടനാ ഭേദഗതി ബില്ലുമാണ് അമിത് ഷാ അവതരിപ്പിച്ചത്. മൂന്നു ബില്ലുകളും 31 അംഗ ജെ.പി.സി പരിശോധിച്ച് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുമെന്ന് ഷാ പറഞ്ഞു.
130-ാം ഭരണഘടനാ ഭേദഗതി
75-ാം വകുപ്പ്: പ്രധാനമന്ത്രി, കേന്ദ്രമന്ത്രി നിയമനം സംബന്ധിച്ച വകുപ്പ്. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയെയും അയോഗ്യരാക്കാൻ അഞ്ച്(എ) ഉപവകുപ്പായി ചേർത്ത് ഭേദഗതി.
164-ാം വകുപ്പ്: സംസ്ഥാന മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ്,മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കാൻ നാല്(എ) ഉപവകുപ്പായി ചേർത്ത് ഭേദഗതി.
239എഎ വകുപ്പ്: കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ്,മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കാൻ അഞ്ച് എ ഉപവകുപ്പായി ഭേദഗതി.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും അവർ രാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ബില്ല്
മലക്കം മറിഞ്ഞ് തരൂർ
കോൺഗ്രസ് നിലപാടിന് വിരുദ്ധമായി ബില്ലിനെ ആദ്യം പിന്തുണച്ച ശശി തരൂർ എം.പി വിവാദമായപ്പോൾ മലക്കം മറിഞ്ഞു. ബില്ലിൽ ഒരു തെറ്റും കാണുന്നില്ലെന്നായിരുന്നു ആദ്യ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |