□ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡി ഇന്ന് പത്രിക നൽകും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും സാന്നിദ്ധ്യത്തിൽ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി.പി. രാധാകൃഷ്‌ണൻ ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. രാവിലെ പാർലമെന്റ് വളപ്പിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്‌ക്ക് മുന്നിൽ രാധാകൃഷ്‌ണൻ പുഷ്‌പാർച്ചന നടത്തി. സെപ്‌തംബർ 9നാണ് തിരഞ്ഞെടുപ്പ്. ഇന്നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
പിന്തുണച്ച് വൈ.എസ്.ആർ
കോൺഗ്രസ്
ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് എൻ.ഡി.എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. 11 എം.പിമാരാണ് പാർട്ടിക്കുള്ളത്. എൻ.ഡി.എ എം.പിമാരുടെ വോട്ടു മാത്രം മതി രാധാകൃഷ്‌ണന് വിജയിക്കാൻ. ഭൂരിപക്ഷത്തിന് വേണ്ടത് 394 വോട്ടാണ്. അട്ടിമറികളുണ്ടായില്ലെങ്കിൽ ഇരുസഭകളിൽ നിന്നുമായി എൻ.ഡി.എയ്‌ക്ക് കുറഞ്ഞത് 422 വോട്ട് ലഭിക്കും. വൈ.എസ്.ആർ കോൺഗ്രസിന്റെയടക്കം വോട്ട് കൂടിയാകുമ്പോൾ ഭൂരിപക്ഷം വർദ്ധിക്കും. പാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങളാണ് രഹസ്യ ബാലറ്റിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
അതേ സമയം,ഭരണഘടനാ മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള അവസരമായിട്ടാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തെ കാണുന്നതെന്ന് 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡി പ്രതികരിച്ചു. അദ്ദേഹം ഇന്ന് പത്രിക സമർപ്പിക്കും. പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഇന്നലെ പ്രതിപക്ഷ പാർട്ടി എം.പിമാർ യോഗം ചേർന്നു. കോൺഗ്രസ്
പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി,ശരദ് പവാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |