മധുര: ടി.വി.കെ നയിക്കുന്ന മുന്നണിയിലേക്ക് എത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അധികാരം കിട്ടുമ്പോൾ ഭരണത്തിലും പങ്കാളിത്തം നൽകുമെന്ന് പാർട്ടി അദ്ധ്യക്ഷൻ വിജയ്. തമിഴ്നാട്ടിൽ മുന്നണിയായി മത്സരിച്ച് ഡി.എം.കെ അധികാരത്തിൽ വരുമ്പോഴും അണ്ണാ ഡി.എം.കെ അധികാരത്തിൽ വരുമ്പോഴും ഭരണത്തിൽ മുന്നണിയിലെ മറ്റ് പാർട്ടികൾക്ക് പങ്കാളിത്തം നൽകാറില്ല. അക്കാര്യത്തിൽ മറ്റ് പാർട്ടികൾക്ക് നീരസവും ഉണ്ട്. അതുകൊണ്ടു തന്നെ ചെറുപാർട്ടികളെ ലക്ഷ്യമിട്ടാണ് ഭരണ പങ്കാളിത്തം എന്ന വാഗ്ദാനം വിജയ് രണ്ടാം സംസ്ഥാന സമ്മേളനത്തിൽ മുന്നോട്ടു വച്ചത്.
എം.ജി.ആറാണ് രാഷ്ട്രീയത്തിലും സിനിമയിലും ഹീറോ എന്ന് ആവർത്തിച്ച വിജയ് എം.ജി.ആറിനെ പോലെ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയാണ് പ്രസംഗിച്ചത്.
ഡീൽ നടത്തനായി സഖ്യം ചേരുന്ന പാർട്ടിയല്ല ടി.വി.കെ എന്ന് വിജയ് പറഞ്ഞത് അണ്ണാ ഡി.എം.കെ ബി.ജെ.പിയുമായി സഖ്യം ചേർന്നതിനെ കളിയാക്കാനായിരുന്നു.
ഡി.എം.കെ ഭരണത്തിൽ ടാസ്‌മാകിൽ മാത്രം 1000 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേൾക്കുന്നതെന്നും പറഞ്ഞു.
മധുരയെക്കുറിച്ച് ഓർക്കുമ്പോൾ, ആദ്യം മനസ്സിൽ വരുന്നത് അലങ്കനല്ലൂർ ജല്ലിക്കട്ടാണ്. നമ്മുടെ വൈഗ നദി, മധുര മീനാക്ഷി അമ്മൻ. ഒരു സെൻസിറ്റീവ് ഭൂമിയാണിത്. ഈ നാട്ടിൽ താമസിക്കുന്നവരും സെൻസിറ്റീവ് ആളുകളാണ്. ഈ നാട്ടിൽ കാലുകുത്തിയ ശേഷം, എന്റെ മനസ്സിൽ ഒരാൾ മാത്രമേ ഓടിയെത്തിയിരുന്നുള്ളൂ.
സിനിമയായാലും രാഷ്ട്രീയമായാലും, ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത് എം.ജി.ആറിനെയായിരുന്നു. എനിക്ക് അദ്ദേഹവുമായി ഇടപഴകാൻ അവസരം ലഭിച്ചില്ല. സമാനമായ സ്വഭാവമുള്ള വിജയകാന്തുമായി ഇടപഴകാൻ എനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു. അദ്ദേഹം മധുര മണ്ണിൽ നിന്നുള്ളയാളാണ്. അദ്ദേഹത്തെ മറക്കാൻ കഴിയുമോ?
തമിഴ്‌നാട്ടിലെ ജനങ്ങൾ വൈകാരികമായി നമ്മോടൊപ്പം നിൽക്കുന്നു. മധുരയുടെ മണ്ണ് അതിന്റെ പ്രതീകമാണ്. ടി.വി.കെ ഏറ്റെടുത്ത രാഷ്ട്രീയം യഥാർത്ഥ രാഷ്ട്രീയമാണ്. വൈകാരിക രാഷ്ട്രീയം, നല്ല ആളുകളുടെ രാഷ്ട്രീയം, നല്ല ആളുകൾക്കുവേണ്ടിയുള്ള രാഷ്ട്രീയം, രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയം, നന്മ മാത്രം ചെയ്യുന്ന രാഷ്ട്രീയം.- വിജയ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |