
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേട്ടുവരുന്നതാണ് പിഎം ശ്രീ വിവാദം. പിഎം ശ്രീ പദ്ധതിയുടെ പേരിൽ ഇടതുപക്ഷം രണ്ട് ചേരിയായി തിരഞ്ഞ് വ്യത്യസ്‌ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയാണ്. യഥാർത്ഥത്തിൽ എന്താണ് പിഎം ശ്രീ പദ്ധതി? സംസ്ഥാനത്തിന് ഇതുകൊണ്ട് ഗുണമാണോ ദോഷമാണോ എന്ന് പരിശോധിക്കാം. ഒപ്പം സിപിഐയും പ്രതിപക്ഷവും ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിക്കുന്നതിന്റെ കാരണങ്ങളും വിശദമായി അറിയാം.
എന്താണ് പിഎം ശ്രീ
കേന്ദ്ര സർക്കാരിന്റെ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് പിഎം ശ്രീ. 14,500ലധികം സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ലക്ഷ്യമിടുന്നത്. ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത രണ്ട് സ്‌കൂളുകളെ വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) മികവ് തുറന്നുകാട്ടുക എന്നതാണ് പദ്ധതി. 2022 - 27 വർഷത്തേക്ക് വിഭാവനം ചെയ്‌ത പദ്ധതിയാണിത്. ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപയാണ് ചെലവഴിക്കുക.
അഞ്ച് വർഷത്തേക്ക് 27,360 കോടിയുടേതാണ് പിഎം ശ്രീ പദ്ധതി. ഇതിൽ 18128 കോടി രൂപയാണ് കേന്ദ്ര വിഹിതം. കേന്ദ്ര /സംസ്ഥാന/കേന്ദ്രഭരണ /തദ്ദേശ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ കേരളത്തിലെയും കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങളടക്കം രാജ്യത്തെ 12,079 സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിന് പുറമേ തമിഴ്‌നാട്, പശ്‌ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലായിരുന്നു. എന്നാൽ, ഇന്നലെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി ഡൽഹിയിൽ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടു.
നിലവിലെ വിവാദം
ആർഎസ‌്‌എസ് അജൻഡയും മറ്റും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മൂന്ന് വർഷമായി കേരളത്തിൽ പദ്ധതി നടപ്പാക്കാതിരുന്നത്. 60:40 എന്ന അനുപാതത്തിലാണ് കേന്ദ്രവും സംസ്ഥാനവും ചെലവ് വഹിക്കുക. അതിനാൽ കേരളം പണംമുടക്കി വികസിപ്പിച്ച സ്‌കൂൾ കേന്ദ്ര ബ്രാൻഡിംഗിനായി വിട്ടുകൊടുക്കണമോ എന്നാണ് സിപിഐയുടെ നിലപാട്. പദ്ധതി നടപ്പാക്കാനുള്ള ശുപാർശ മുമ്പ് മന്ത്രിസഭയിലെത്തിയപ്പോൾ സിപിഐ എതിർത്തതിനാൽ മുന്നോട്ടുപോയില്ല. തമിഴ്‌നാടിനെ പോലെ സുപ്രീം കോടതിയിൽ പോകാൻ ആലോചന വന്നെങ്കിലും സമയം പാഴാക്കലാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാദം. പിഎം ശ്രീ പദ്ധതിയിൽ ചേരാൻ താൽപ്പര്യമില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച തമിഴ്‌നാട് സർക്കാർ, ആർടിഇ നിയമപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 538 കോടി രൂപ നേടിയെടുത്തു. സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ഈ മാസം മൂന്നിന് കേന്ദ്രം തുക തമിഴ്‌നാടിന് കൈമാറിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതംവാങ്ങിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പിഎം ശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പദ്ധതി നടപ്പാക്കാനുള്ള കാരണമായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. ഇതിനെതിരെ സിപിഐ നേതൃത്വം രംഗത്തെത്തുകയായിരുന്നു.
പിഎം ശ്രീയെ എന്തിന് എതിർക്കുന്നു?
പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്നതാണ് പിഎം ശ്രീയുടെ പൂർണരൂപം. ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പിലാക്കേണ്ടിവരും. ഇതിനൊപ്പം 'പിഎം ശ്രീ' എന്ന ബോർഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്‌കൂളിൽ സ്ഥാപിക്കണം. ഇതിലെ ബ്രാൻഡിംഗിനോടും ദേശീയ വിദ്യാഭ്യാസ നയത്തോടുമാണ് സംസ്ഥാന സർക്കാരിന് എതിർപ്പുണ്ടായിരുന്നത്.
ദേശീയ വിദ്യാഭ്യാസ നയം ആർഎസ്‌എസ് അജണ്ടയാണെന്നാണ് മുമ്പ് സിപിഎമ്മും സിപിഐയുമെല്ലാം നിലപാടെടുത്തിരുന്നത്. ഈ സ്‌കൂളുകളിൽ സംസ്ഥാന സിലബസിന് പകരം എൻസിആർടിയുടെ സിലബസ് അനുസരിച്ചാകും പഠനം നടത്തേണ്ടത്. ആര്‍എസ്എസ് സങ്കല്‍പ്പത്തിലുള്ള ദേശീയത അടിച്ചേല്‍പ്പിക്കുക, ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുക, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങള്‍ കേന്ദ്രനിയന്ത്രണത്തിലേക്ക് പോകും തുടങ്ങിയവയാണ് ഇതിനെതിരെ ഉയരുന്ന ആരോപണങ്ങള്‍.
ഇതിനെല്ലാം പുറമേ സ്‌കൂളിന്റെ ഘടനയിലും മാറ്റമുണ്ടാകും. കേന്ദ്രനയമനുസരിച്ച് പ്രീസ്‌കൂൾ മുതൽ രണ്ടാം ക്ലാസ് വരെയാണ് ആദ്യഘട്ടം, മൂന്ന് മുതൽ അഞ്ചുവരെ രണ്ടാംഘട്ടം, ആറ് മുതൽ എട്ടുവരെ മൂന്നാംഘട്ടം, ഒമ്പത് മുതൽ 12 വരെ നാലാം ഘട്ടം എന്നിങ്ങനെയാണ്. ഇത് കേരളത്തിന്റെ വിദ്യാഭ്യാസ നയവുമായി ചേർന്നുപോകുന്നതല്ല.

കേരള സർക്കാരിന്റെ തീരുമാനം
സാങ്കേതികത്വം പറഞ്ഞ് പാവപ്പെട്ട കുട്ടികളുടെ ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ട തുക വേണ്ടെന്നുവയ്ക്കേണ്ട കാര്യമില്ലെന്നാണ് മന്ത്രി വി ശിവൻകുട്ടി പറയുന്നത്. ആരോഗ്യ, ഉന്നത വിദ്യാഭ്യസ, കാർഷിക രംഗങ്ങളിലെന്നത് പോലെ ഈ കേന്ദ്ര ഫണ്ടും വാങ്ങി ചെലവഴിക്കും. അതേസമയം, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്നോട്ട് പോകില്ല. പാഠപുസ്തകത്തിൽ ഇന്ത്യാചരിത്രം വെട്ടിമാറ്റിയപ്പോൾ ബദൽ പാഠപുസ്തകം ഇറക്കിയത് അതിനു തെളിവാണെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീയിൽ ഒപ്പുവയ്ക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്രം കേരളത്തിനുള്ള ഫണ്ട് തടഞ്ഞിരുന്നു. കുട്ടികളുടെ യൂണിഫോം, ഉദ്യോഗസ്ഥരുടെ ശമ്പളം, പാഠപുസ്തകം തുടങ്ങിയവയ്ക്കുള്ള ഫണ്ട് ലഭിക്കാതെ സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പദ്ധതി നടപ്പായാൽ കുടിശികയ്ക്ക് പുറമെ, സംസ്ഥാനത്തിന് വരുന്ന രണ്ട് വർഷത്തേര്ക്ക് ലഭിക്കുന്ന തുക 318 കോടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |