
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ആരോപണങ്ങൾക്കെതിരെയും രൂക്ഷമായി പ്രതികരിച്ച് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയാണെന്നും മോദി പുറത്തുവിട്ട നിതീഷ് കുമാറിന്റെ 55 അഴിമതികൾക്ക് എതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും തേജസ്വി യാദവ് ചോദിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദീർഘകാലമായി നിലനിൽക്കുന്ന 'ജംഗിൾ രാജ്' ആരോപണം ഉയർത്തിക്കാട്ടിയാണ് തേജസ്വി യാദവ് മോദിക്കെതിരെ പ്രതികരിച്ചത്. അഴിമതികൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ നടപടിയെടുക്കാത്തതാണ് 'ജംഗിൾ രാജ്'. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ദേശീയ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. വെടിവയ്പ്പ്, കൊലപാതകം, ബലാത്സംഗം, കൊള്ള എന്നിവയില്ലാത്ത ഒരു ദിവസം പോലും ബീഹാറിൽ ഇല്ല. രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യം നടക്കുന്നത് ഉത്തർപ്രദേശിലാണ്. രണ്ടാം സ്ഥാനത്ത് ബീഹാറും. ബിജെപി എന്താണ് അവിടെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി ബീഹാറിനേക്കാൾ ഗുജറാത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർ ഗുജറാത്തിൽ ഫാക്ടറികൾ സ്ഥാപിക്കും. എന്നിട്ട് ബീഹാറിൽ വിജയം ആഗ്രഹിക്കുമെന്നും അദ്ദേഹം വിമർശിച്ചു. ഞങ്ങൾ തെറ്റായതോ പാലിക്കാൻ പറ്റാത്തതോ ആയ വാഗ്ദാനങ്ങൾ നൽകില്ല. താൻ മുഖ്യമന്ത്രിയായാൽ, ബീഹാറിലെ ജനങ്ങളും മുഖ്യമന്ത്രിയാകും. തങ്ങൾ ബീഹാറിനെ കുറ്റകൃത്യങ്ങളിൽ നിന്നും അഴിമതിയിൽ നിന്നും മുക്തമാക്കുമെന്നും തേജസ്വി കൂട്ടിച്ചേർത്തു. മുതിർന്ന ബിജെപി നേതാവും എംപിയുമായ രവിശങ്കർ പ്രസാദ് പരസ്യമായി തേജസ്വി യാദവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ആർജെഡി നേതാവിന്റെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |