
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ മാളിലും പൊതുപാർക്കിലും ചാവേർ സ്ഫോടനത്തിന് ലക്ഷ്യമിട്ട രണ്ട് ഐസിസ് ഭീകരർ പിടിയിൽ. സ്‌ഫോടക വസ്‌തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ലഘുലേഖകളും പിടിച്ചെടുത്തു. ടൈമർ സെറ്റു ചെയ്യാനായി വാങ്ങിയ വാച്ചും കണ്ടെടുത്തു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലാണ് അറസ്റ്റു ചെയ്തത്. ഡൽഹി, ഭോപ്പാൽ സ്വദേശികളായ ഇരുവരുടേയും പേര് അഡ്നൻ ഖാൻ എന്നാണ്.
ഡൽഹി സ്വദേശിയായ 20കാരൻ അഡ്നൻ ഖാനെ ഡൽഹിയിലെ സാദിഖ് നഗറിൽ നിന്ന് കഴിഞ്ഞ 16നാണ് പിടികൂടിയത്. 21കാരനായ രണ്ടാമനെ ഭോപ്പാലിൽ നിന്ന് പ്രത്യേക ഓപ്പറേഷനിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. മദ്ധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡും ഓപ്പറേഷനിൽ പങ്കെടുത്തു. ഇരുവരെയും ഒറ്റയ്‌ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
20ന് ദീപാവലി ദിനത്തിൽ സൗത്ത് ഡൽഹിയിലെ മാൾ, പൊതുപാർക്ക് എന്നിവിടങ്ങളിൽ ചാവേർ സ്ഫോടനം നടത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരേയും പിടികൂടാൻ തെരച്ചിൽ ഊർജിതമാക്കിയെന്നും വ്യക്തമാക്കി.
പാകിസ്ഥാനുമായി ബന്ധം
1. ഇരുവർക്കും പാകിസ്ഥാനിലെ ഐസിസ് ഭീകര ശൃംഖലയുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് പറയുന്നു. അവരുടെ സഹായവും ലഭിച്ചിരുന്നു
2. ഐസിസിന്റെ സിറിയ- തുർക്കി അതിർത്തിയിലെ ഭീകര നേതാവുമായി ഇവർ നിരന്തരം ആശയവിനിമയം നടത്തി. ചാവേർ ആക്രമണങ്ങളിൽ പരിശീലനം നേടിയവരാണ് ഇരുവരും
തീവ്ര ആശയങ്ങളിലൂടെ
ഐസിസിലേക്ക്
ചാർട്ടേഡ് അക്കൗണ്ടന്റ് ആകാൻ ആഗ്രഹിച്ചയാളാണ് ഭോപ്പാൽ സ്വദേശി അഡ്നൻ ഖാൻ. പരീക്ഷയെഴുതാൻ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. അതിനിടെ, തീവ്ര ആശയങ്ങൾ പിന്തുടരുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമായി. ഐസിസ് ആശയങ്ങൾ വ്യക്തമാക്കുന്ന വീഡിയോകൾ അടക്കം കണ്ടാണ് അതിലേക്ക് തിരിഞ്ഞത്. വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദിൽ ആർക്കിയോളജിക്കൽ സർവേയ്‌ക്ക് അനുമതി നൽകിയ സിവിൽ കോടതി ജഡ്‌ജിക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് നേരത്തെ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹി സ്വദേശി അഡ‌്‌നൻഖാൻ ഐ.ടി ഡിപ്ലോമക്കാരനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |