
ന്യൂഡൽഹി: കാഡ്ബറിയുടെ 'കുച്ച് ഖാസ് ഹെ", 'പപ്പു പാസ് ഹോ ഗയാ", ഏഷ്യൻ പെയിന്റ്‌സിന്റെ 'ഹർ ഖുഷി മേം രംഗ് ലായേ", പോണ്ട്‌സിന്റെ 'ഗൂഗ്ലി വൂഗ്ലി വൂഷ്", ഫെവിക്വിക്കിന്റെ 'തോടോ നഹീ, ജോഡോ" ... എണ്ണമറ്റ സൂപ്പർ ഹിറ്റ് പരസ്യങ്ങളുടെ സ്രഷ്ടാവും പദ്മശ്രീ ജേതാവുമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു. ഇന്നലെ മുംബയിൽ വച്ചായിരുന്നു അന്ത്യം. അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന്.
നാലുപതിറ്റാണ്ട് പരസ്യമേഖലയിൽ നിറഞ്ഞുനിന്ന അദ്ദേഹം ഒട്ടേറെ ജനപ്രിയ പരസ്യങ്ങൾ സൃഷ്ടിച്ചു. ഫെവിക്വിക്ക്, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങൾ ഏറെ ശ്രദ്ധേയമായി. 2014ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണ മുദ്രാവാക്യമായ 'അബ് കി ബാർ, മോദി സർക്കാർ" പാണ്ഡെയുടെ തൂലികയിൽ പിറന്നതാണ്. ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്നതിനായി 1988ൽ ദൂരദർശൻ തയ്യാറാക്കിയ 'മിലേ സുർ മേരേ തുമാര" എന്ന ആൽബത്തിനുവേണ്ടി വരികളെഴുതി. പരസ്യ നിർമാണ കമ്പനിയായ ഒഗിൽവിയുടെ വേൾഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയിലെ എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. 1982ലാണ് പിയൂഷ് ഒഗിൽവിയിലെത്തുന്നത്. സൺലൈറ്റ് ഡിറ്റർജന്റിന് വേണ്ടിയായിരുന്നു ആദ്യ പരസ്യം. പാണ്ഡെയുടെ നേതൃത്വത്തിൽ ഒഗിൽവി രാജ്യത്തെ ഒന്നാം നമ്പർ പരസ്യ ഏജൻസിയായി.
2016ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ഒട്ടനവധി പുരസ്കാരങ്ങൾ നേടി. പാണ്ഡെമോണിയം, ഓപ്പൺ ഹൗസ് വിത്ത് പിയൂഷ് പാണ്ഡെ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജോൺ എബ്രഹാം നായകനായ 'മദ്രാസ് കഫേ" എന്ന സിനിമയിലും ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മാജിക് പെൻസിൽ പ്രൊജക്റ്റ് വീഡിയോകളിലും അഭിനയിച്ചു. 'ഭോപ്പാൽ എക്‌സ്പ്രസ്" എന്ന സിനിമയുടെ തിരക്കഥാ രചനയിലും പങ്കാളിയായി. മഹത്തായ സംഭാവനകൾ നൽകിയ പിയൂഷുമായുണ്ടായിട്ടുള്ള മനോഹരമായ സംഭാണങ്ങൾ എന്നെന്നും ഓർക്കുമെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. നിത പാണ്ഡെയാണ് പിയൂഷിന്റെ ഭാര്യ. സംവിധായകൻ പ്രസൂൺ പാണ്ഡെ, നടിയും ഗായികയുമായ ഇള അരുൺ എന്നിവരുൾപ്പെടെ എട്ട് സഹോദരങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |