
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാലസർക്കാർ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഷേക്ക് ഹസീന സർക്കാരിനെ പുറത്താക്കുന്നതിന് കാരണമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേരോട് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ് ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി കടുത്തത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും (ബിഎൻപി) അവരുടെ മുൻ സഖ്യകക്ഷിയായ ജമാ അത്ത് ഇ ഇസ്ലാമിയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഇരുവരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് ഉപദേഷ്ടാവ് മഹ്ഫുജ് ആലമിനോടും തദ്ദേശ സ്വയംഭരണ ഉപദേഷ്ടാവ് ആസിഫ് മഹ്മൂദ് സോജിബ് ഭുയിയാനോടുമാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. ഉപദേഷ്ടാക്കളെന്നാണ് പേരെങ്കിലും മന്ത്രിസ്ഥാനങ്ങളാണ് ഇവർ വഹിക്കുന്നത്. സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത് എന്തിനാണെന്ന് വ്യക്തമല്ലെങ്കിലും ഇരുവരുടെയും നിഷ്‌പക്ഷതയെക്കുറിച്ച് ചില കോണുകളിൽ നിന്ന് സംശയം ഉയർന്നതിനെത്തുടർന്നാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബംഗ്ലാദേശ് സർക്കാരിൽ മതമൗലിക വാദികൾ പിടിമുറുക്കുന്നതായി നേരത്തേ ആക്ഷേപമുയർന്നിരുന്നു.
ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ചെറുതല്ലാത്ത പങ്കുവഹിച്ചതോടെയാണ് മഹ്ഫുജ് ആലമിനെയും ആസിഫ് മഹ്മൂദ് സോജിബിനെയും മന്ത്രിമാരാക്കാൻ തീരുമാനിച്ചത്. യൂനുസുമായി നേരത്തേയും വിദ്യാർത്ഥി പ്രതിനിധികൾ തെറ്റിപ്പിരിഞ്ഞിട്ടുണ്ട്. നഹിദ് ഇസ്ലാം കുറച്ചുനാൾ മുമ്പ് സർക്കാരിൽ നിന്ന് പുറത്തുവന്ന് നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി)യുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.
വരുന്ന ഫെബ്രുവരിയാേടെ രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്താനാണ് ഇടക്കാല സർക്കാരിന്റെ ശ്രമം. തിരഞ്ഞെടുപ്പുകഴിഞ്ഞാൽ താൻ രാഷ്ട്രീയ വനവാസത്തിനുപോകേണ്ടിവരുമോ എന്ന ഭീതി യൂനുസിനുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുന്നു എന്നും റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |