ബംഗളൂരു: ഓൺലൈൻ ഗെയിമിംഗ്, വാതുവയ്പ് എന്നിവയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ചിത്രദുർഗ കോൺഗ്രസ് എം.എൽ.എ കെ.സി വീരേന്ദ്ര പപ്പിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ അറസ്റ്റ് ചെയ്തു. സിക്കിമിൽ ഓൺലൈൻ ചൂതാട്ട കേന്ദ്രം ലീസിന് എടുക്കാനെത്തിയപ്പോഴാണ് വീരേന്ദ്രയുടെ അറസ്റ്റ്.
വീരേന്ദ്രയുടെ വസതികളിലും സ്ഥാപനങ്ങളിലും രണ്ട് ദിവസമായി ഇ.ഡി നടത്തിയ റെയ്ഡിൽ 12 കോടി കണ്ടെടുത്തു. ഇതിൽ 1 കോടിയുടെ വിദേശ കറൻസിയും ഉൾപ്പെടുന്നു. ആറു കോടി വിലമതിക്കുന്ന ആഭരണങ്ങൾ, 10 കിലോയുടെ വെള്ളി വസ്തുക്കൾ, നാല് വാഹനങ്ങൾ, രണ്ട് അനധികൃത ലോക്കറുകളും വിവിധ രേഖകളും പിടിച്ചെടുത്തു. വീരേന്ദ്രയുടെ 17 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. മുംബയ്, ജോധ്പൂർ, സിക്കിം, ഗോവ എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 സ്ഥലങ്ങളിൽ ഒരേ സമയമായിരുന്നു റെയ്ഡ്.
നിരവധി അനധികൃത ഓൺലൈൻ, ഓഫ്‌ലൈൻ ചൂതാട്ടകേന്ദ്രങ്ങൾ വീരേന്ദ്ര നടത്തിയിരുന്നു. പല പേരുകളിൽ പലസ്ഥലങ്ങളിലും ചൂതാട്ടകേന്ദ്രങ്ങളുണ്ടെന്നും ദുബായിലും ഇത്തരം ചൂതാട്ടകേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതായും ഇ.ഡി കണ്ടെത്തി. സിക്കിമിലെ ഗാംഗ്ടോക്ക് ജുഡിഷ്യൽ മജിസ്ട്രേട്ടിൽ ഹജരാക്കിയ എം.എൽ.എയെ കോടതി റിമാൻഡ് ചെയ്തു. ഉടൻ എം.എൽ.എയെ ഗാംഗ്ടോക്കിൽ നിന്ന് ബംഗളൂരുവിലെത്തിക്കുമെന്ന് ഇ.ഡി അറിയിച്ചു. അതേസമയം, വീരേന്ദ്രയുടെ സഹോദരൻ നാഗരാജിനെയും ചോദ്യം ചെയ്യലിനായി ഇ.ഡി കസ്റ്റഡിയിലെടുത്തു.
കാസിനോകൾ കേന്ദ്രീകരിച്ച് പരിശോധന
പപ്പീസ് കാസിനോ ഗോൾഡ്, ഓഷ്യൻ റിവേഴ്സ് കാസിനോ, പപ്പീസ് കാസിനോ പ്രൈഡ്, ഓഷ്യൻ 7 കാസിനോ, ബിഗ് ഡാഡി കാസിനോ തുടങ്ങി ഗോവയിലെ 5 കാസിനോകളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. രാജ്യാന്തരതലത്തിലുള്ള കാസിനോകളും ദുബായിലെ വാതുവയ്പ് കേന്ദ്രങ്ങളും ഉൾപ്പെടുന്ന അനധികൃത വാതുവയ്പ് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധനയിൽ വെളിപ്പെട്ടതായി ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. കിംഗ് 567, രാജ567 എന്നീ പേരുകളിലുള്ള രണ്ടു വാതുവയ്പ് വെബ്സൈറ്റുകൾ വീരേന്ദ്ര നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരൻ നാഗരാജിന് ദുബായിൽ ഗെയ്മിംഗ്, കോൾ സെന്റർ സർവീസ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന 3 സ്ഥാപനങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |