ന്യൂഡൽഹി: വെള്ളിയാഴ്ച ഹൈദരാബാദിൽ അന്തരിച്ച സി.പി.ഐ മുൻ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്‌ഡിയുടെ (83) ഭൗതികശരീരം ഇന്ന് സെക്കന്തരാബാദിലെ ഗാന്ധി മെഡിക്കൽ കോളേജിന് കൈമാറും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണിത്. ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ സി.പി.ഐ തെലങ്കാന സ്റ്റേറ്റ് കൗൺസിൽ ഓഫീസായ മഖ്ബൂൽ ഭവനിൽ പൊതുദർശനത്തിന് വയ്‌ക്കും. അതിനുശേഷം പാർട്ടിയിലെ പ്രധാന നേതാക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ ഭൗതികശരീരം മെഡിക്കൽ കോളേജിന് കൈമാറാനാണ് തീരുമാനം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി 10 മണിയോടയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗത്തിനിടയിലും പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകയിരുന്നു. പാർട്ടിയുടെ തെലങ്കാന സംസ്ഥാന സമ്മേളനത്തിലും അടുത്തിടെ പങ്കെടുത്തിരുന്നു. എ.ഐ.ടി.യു.സി മുൻ സെക്രട്ടറിയും സി.പി.ഐ മുൻ ദേശീയ കൗൺസിൽ അംഗവുമായ ഡോ. ബി.വി. വിജയലക്ഷ്‌മിയാണ് ഭാര്യ. മക്കൾ: നിഖിൽ, കപിൽ.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു,പ്രതിപക്ഷ നേതാവ് വൈ.എസ്. ജഗൻ മോഹൻ റെഡ്‌ഡി തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |