ന്യൂഡൽഹി: ബഹിരാകാശത്തു നിന്നുള്ള ഇന്ത്യയുടെ ദൃശ്യം അതി മനോഹരമാണെന്ന് ഗ്രൂപ്പ് ക്യാപ്ടൻ ശുഭാംശു ശുക്ല. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സന്ദർശിച്ച് തിരിച്ചെത്തിയ ശുഭാംശു ഡൽഹിയിലെ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ബഹിരാകാശത്ത് നിന്ന് പകർത്തിയ ഇന്ത്യയുടെ ചെറിയ ക്ളിപ്പ് കൈവശമുണ്ട്. അതിൽ ഇന്ത്യ വളരെ മനോഹരിയാണ്. നാമെല്ലാവരും ഇന്ത്യക്കാരായതിനാൽ അത് അങ്ങനെയേ തോന്നൂ. പക്ഷേ സ്‌പേസ് സ്റ്റേഷനിലുള്ള ഏത് ബഹിരാകാശ യാത്രികനോട് സംസാരിച്ചാലും ഇതു തന്നെ പറയും. രാത്രിയിൽ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ നിന്ന് തെക്ക് വടക്കോട്ട് ഇന്ത്യയ്‌ക്കു മുകളിലൂടെ കടന്നുപോകുമ്പോൾ ലഭിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ കാണാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. അതുല്യമായ സ്ഥാനവും ആകൃതിയും കാരണമാണ് ഇന്ത്യ ഇത്ര മനോഹരമാകുന്നത്. വ്യോമസേനയിൽ നിന്ന് ലഭിച്ച പരിശീലനം ബഹിരാകാശ യാത്രയ്‌ക്ക് ആത്മവിശ്വാസം നൽകിയെന്നും ശുഭാംശു പറഞ്ഞു.
ശുഭാംശു സായുധ സേനയുടെ പ്രതിനിധി
ശുഭാംശു മനുഷ്യരാശിയുടെയും സായുധ സേനയുടെയും പ്രതിനിധിയായാണ് ബഹിരാകാശ യാത്ര നടത്തിയതെന്ന് ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ സംഭാവന ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ശുഭാംശു, ഗ്രൂപ്പ് ക്യാപ്ടൻമാരായ പ്രശാന്ത് ബി. നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ് എന്നിവരെ രാജ്‌നാഥ് സിംഗ് ആദരിച്ചു. സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |