ചെന്നൈ: ടി.വി.കെയുടെ മധുരയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനെ വിജയുടെ ബൗൺസർമാർ (അംഗരക്ഷകർ) മർദ്ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടൻ വിജയ് ഉൾപ്പെടെ 11 പേർക്കെതിരെ പേരമ്പല്ലൂർ പൊലീസ് കേസെടുത്തു. ബൗൺസർമാരുടെ ആക്രമണത്തിന് ഇരയായ ശരത് കുമാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രസംഗത്തിനു മുമ്പ് വിജയ് റാമ്പിലൂടെ നടന്നു വരുമ്പോൾ അവിടേക്ക് കയറാൻ ശ്രമിച്ച ശരത്തിനെ അംഗരക്ഷകർ തൂക്കിയെറിയുന്ന വീഡിയോയും തെളിവായി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ആഗസ്റ്ര് 21ന് മധുരയിലെ പരപതിയിലാണ് ടി.വി.കെയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. ശരത്‌കുമാറിനെ ബൗൺസർമാർ തൂക്കിയെറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു. ഡി.എം.കെയുടെ സൈബർ വിഭാഗവും ദൃശ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് വിജയ്‌ക്കെതിരെ വലിയ വിമർശനം നടത്തി.
ബൗൺസർമാരുടെ നടപടിയിൽ തനിക്ക് പരക്കേറ്റുവെന്നും ശരീരത്തിന് വലിയ വേദനയുണ്ടായെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് അമ്മയ്‌ക്കൊപ്പമെത്തി ശരത് കുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
അതേസമയം ടി.വി.കെയുടെ ഭാഗത്തുനിന്ന് വിഷയത്തിൽ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |