ന്യൂഡൽഹി: എഴുപത്തിയഞ്ച് വയസാകുമ്പോൾ വിരമിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. 75 ആകുമ്പോൾ താൻ റിട്ടയർ ചെയ്യുമെന്നോ, മറ്റാരെങ്കിലും വിരമിക്കണമെന്നോ പറഞ്ഞിട്ടില്ല. ആർ.എസ്.എസ് പറയുന്നതു പ്രകാരം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്‌തംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മോഹൻ ഭാഗവതിനും 75 വയസ് തികയുകയാണ് .
75 പിന്നിട്ടതിന്റെ പേരിൽ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി, ജസ്വന്ത് സിംഗ് എന്നിവരെ നിർബന്ധപൂർവ്വം റിട്ടയർ ചെയ്യിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
മോദി സർക്കാരുമായി ആർ.എസ്.എസിന് അഭിപ്രായവ്യത്യാസമുണ്ടെന്നും എന്നാലത് ഏറ്രുമുട്ടൽ അല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഡൽഹിയിൽ സംഘടനയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയ നേതൃത്വവുമായി ആർ.എസ്.എസ് അകൽച്ചയിലാണെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. ബി.ജെ.പിക്ക് വേണ്ടി ആർ.എസ്.എസ് അല്ല തീരുമാനങ്ങളെടുക്കുന്നത്. കേന്ദ്രത്തിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇരുസംഘടനകളും തമ്മിൽ ഏകോപനമുണ്ട്. ആഭ്യന്തരമായ അഭിപ്രായവ്യത്യാസങ്ങൾ ചില കാര്യങ്ങളിലുണ്ട്. അവയൊന്നും വലിയ തർക്കങ്ങളല്ല. പലപ്പോഴും തങ്ങൾ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്‌ക്കാറുണ്ട്. പക്ഷെ, ബി.ജെ.പിയുടെ തീരുമാനമെടുക്കൽ പ്രക്രിയയിൽ ഇടപെടാറില്ല. അവരാണ് രാജ്യത്തെ നയിക്കുന്നത്. തീരുമാനമെടുക്കുന്നതിലും അവരാണ് വിദഗ്ദ്ധർ. തങ്ങളല്ലെന്നും ആർ.എസ്.എസ് സർസംഘ്ചാലക് വ്യക്തമാക്കി. ബി.ജെ.പിയുടെ പുതിയ ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് നീളുന്നതിലും പരോക്ഷമായി അഭിപ്രായം പ്രകടിപ്പിച്ചു. ആർ.എസ്.എസാണ് തീരുമാനമെടുക്കുന്നതെങ്കിൽ ഇത്രയധികം സമയം വേണ്ടി വരുമായിരുന്നുവോയെന്ന് മോഹൻ ഭാഗവത് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |