പിന്തുണച്ചവരിൽ ജസ്റ്റിസ് വിനോദ്‌ചന്ദ്രനും
ന്യൂഡൽഹി: ജസ്റ്റിസ് ബി.വി. നാഗരത്നയുടെ എതിർപ്പിനെ തുടർന്ന് നിയമനം വിവാദത്തിലായ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ മനുഭായി പഞ്ചോലി ഇന്ന് സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്യും. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് അരാദെയും സത്യപ്രതിജ്ഞ ചെയ്യും. സുപ്രീംകോടതിയിലെ അഡിഷണൽ ബിൽഡിംഗ് കോംപ്ലക്‌സിലെ ഓഡിറ്രോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സത്യവാചകം ചൊല്ലിക്കൊടുക്കും.
കൊളീജിയത്തിലെ അഞ്ചിൽ നാലു ജഡ്‌ജിമാരും പഞ്ചോലിയുടെ സ്ഥാനക്കയറ്രത്തെ അനുകൂലിച്ചപ്പോൾ, സീനിയോറിറ്റി മറികടന്ന് നിയമനം നൽകരുതെന്ന് ജസ്റ്റിസ് നാഗരത്ന ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് മലയാളി ജഡ്‌ജിയായ കെ. വിനോദ് ചന്ദ്രനും മറ്റൊരു സുപ്രീംകോടതി ജഡ്‌ജി അഹ്സാനുദ്ദിൻ അമ്മാനുള്ളയും ജസ്റ്റിസ് പഞ്ചോലിയെ പിന്തുണച്ചെന്ന വിവരം പുറത്തുവന്നത്. വിനോദ് ചന്ദ്രൻ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. അമ്മാനുള്ള അവിടെ ജഡ്‌ജിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരുടെയും അഭിപ്രായം കൊളീജിയം തേടിയിരുന്നു. അനുകൂല നിലപാട് രേഖാമൂലം ഇരുവരും കൊളീജിയത്തിന് നൽകിയെന്നാണ് സൂചന.
ജ. മുരളീധറിനെ മാറ്റാനും
സമ്മർദ്ദമുണ്ടായി
2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച അന്നത്തെ ഡൽഹി ഹൈക്കോടതി ജഡ്‌ജി എസ്. മുരളീധറിനെ പഞ്ചാബ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. അതിനു മുൻപും അദ്ദേഹത്തെ സ്ഥലംമാറ്റാൻ കൊളീജിയത്തിന് മേൽ കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി മദൻ ബി. ലോക്കൂർ വെളിപ്പെടുത്തി. കൊളീജിയം അംഗമായിരുന്ന താൻ എതിർത്തതിനെ തുടർന്ന് ആ നീക്കം പരാജയപ്പെട്ടു. താൻ വിരമിച്ച ശേഷവും ശ്രമമുണ്ടായപ്പോൾ ജസ്റ്റിസ് എ.കെ. സിക്രി കടുത്ത നിലപാട് സ്വീകരിച്ചു. പിന്നീട് ഏകപക്ഷീയമായി 2020ൽ മുരളീധറിനെ സ്ഥലംമാറ്റുകയായിരുന്നുവെന്ന് ലോക്കൂർ തന്റെ പുസ്‌തകമായ 'കംപ്ലീറ്ര് ജസ്റ്റിസ് ? സുപ്രീംകോട്ട് അറ്റ് 75"ൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |