
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ ടി.വി.കെയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചു. പകരം കർശന വ്യവസ്ഥകളോടെ ഒമ്പതിന് പൊതുസമ്മേളനം നടത്താം. ഇതിൽ 5,000 പേർക്കു മാത്രമായിരിക്കും പ്രവേശനം, 500 പേർ വീതമുള്ള ബ്ലോക്കുകളായി ആളുകളെ ഇരുത്തണം, വെള്ളവും ലഘുഭഷണവും ടി.വി.കെ ഏർപ്പെടുത്തണം. കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ എന്നിവരെ പ്രവേശിപ്പിക്കരുത്, ക്യൂ ആർ കോഡുള്ള പാസുകൾ നൽകിവേണം പ്രവേശിപ്പിക്കേണ്ടത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ. സമ്മേളന സ്ഥലത്ത് വിജയ് എത്തുന്ന സമയം നേരത്തെ അറിയിക്കണമെന്നും വിജയ് സമയം കൃത്യമായി പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കരൂർ ദുരന്തത്തിനുള്ള കാരണങ്ങളിൽ ഒന്നായി തമിഴ്നാട് സർക്കാർ കണ്ടെത്തിയത് വിജയ് ആറ് മണിക്കൂറിലേറെ വൈകി വന്നു എന്നതാണ്.
ഉപ്പളം തുറമുഖ ഗൗണ്ടിലാണ് സമ്മേളന വേദി. നേരത്തെ 5ന് റോഡ് ഷോ നടത്തനായിരുന്നു ടി.വി.കെ പുതുച്ചേരി പൊലീസിന്റെ അനുമതി തേടിയത്. അത് നിഷേധിച്ചതിനെ തുടർന്ന് ടി.വി.കെ നേതാക്കളായ ബുസി ആനന്ദും ആധവ് അർജ്ജുനം മുഖ്യമന്ത്രി എൻ.രംഗസ്വാമിയെ കണ്ട് ചർച്ച നടത്തി. തുടർന്നാണ് കർശനവ്യവസ്ഥകളോടെ സമ്മേളനം നടത്താനുള്ള അനുമതി പൊലീസ് നൽകിയത്. റോഡുകളുടെ വീതി കുറവ് ഉൾപ്പെടെയുള്ള കാരണങ്ങൾ പറഞ്ഞാണ് പൊലീസ് റോഡ് ഷോയ്ക്കുള്ള അനുമതി നിഷേധിച്ചത്.
സുരക്ഷാ പരിശോധന
തുറമുഖ മൈതാനത്ത് പൊലീസ് സുരക്ഷാ പരിശോധന നടത്തി. സീനിയർ എസ്.പി കലൈവാൻ,ഡി.സി.പി സത്യസുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 9ന് മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ടെന്നും മുൻകരുതൽ വേണമെന്നും പൊലീസ് സംഘാടകരെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |