
ന്യൂഡൽഹി: ഇ.ഡി കേസിൽ തമിഴ്നാട് മുൻ മന്ത്രിയും ഡി.എം.കെ നേതാവുമായ സെന്തിൽ ബാലാജിയുടെ ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി ഇളവു നൽകി. എല്ലാ തിങ്കൾ, വെള്ളി ദിവസങ്ങളിലും രാവിലെ 11നും 12നുമിടയ്‌ക്ക് ചെന്നൈയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ഇ.ഡി ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരാകിയാൽ മതിയാകും. അതിനായി സെന്തിലിന് ഇ.ഡി മുൻകൂർ നോട്ടീസ് നൽകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. വിചാരണക്കോടതിയിൽ ഹാജരാകാൻ സാധിക്കാത്ത ദിവസങ്ങളിൽ അക്കാര്യം ചൂണ്ടിക്കാട്ടി അവിടെ അപേക്ഷ സമർപ്പിക്കാം. കോടതി ആ അപേക്ഷ മെരിറ്റിൽ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു. അന്വേഷണം പൂർത്തിയായെന്നും ഇനി ഇ.ഡിക്ക് മുന്നിൽ ഹാജരാകേണ്ട കാര്യമില്ലെന്നും സെന്തിൽ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. 2024 സെപ്‌തംബറിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിലിന് ഉപാധികളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |