SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

ആളിക്കത്തി മണിപ്പൂർ, നാഗാ-കുക്കി സംഘർഷം: 50 വീടുകൾ കത്തിച്ചു

Increase Font Size Decrease Font Size Print Page
d

കർഫ്യു തുടരുന്നു  5 ദിവസത്തേക്ക് ഇന്റർനെറ്റ് വിലക്ക്

ന്യൂഡൽഹി: മണിപ്പൂരിൽ നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ആളിക്കത്തുന്നു.

പല മേഖലയിലും വെടിവയ്പുണ്ട്. കർഫ്യു തുടരുകയാണ്. അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് വിലക്കി. സമൂഹ മാദ്ധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും പ്രകോപനപരമായ കണ്ടന്റുകളും പടരാതിരിക്കാനും, ക്രമസമാധാന നില കൂടുതൽ വഷളാകാതിരിക്കാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ രാവിലെ നാഗാ സമുദായത്തിൽപ്പെട്ടയാൾ ആക്രമിക്കപ്പെട്ടതിനുപിന്നാലെ ലിതാൻ സരായ്ഖോംഗ് മേഖലയിലുള്ള കുക്കികളുടെ ഒഴിഞ്ഞുകിടന്ന വീടുകൾ കത്തിക്കുകയായിരുന്നു. സംഘർഷം ആരംഭിച്ചപ്പോൾ തന്നെ പ്രദേശവാസികൾ സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്നു. ഇരുഭാഗത്തുമുള്ളവ‌ർ വീടുകൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ്. പലയിടത്തും സായുധരായ അക്രമികൾ ആകാശത്തേക്ക് വെടിവച്ച് ഭയാന്തരീക്ഷം സൃഷ്‌ടിക്കുന്നതും സുരക്ഷാസേനയെ കുഴയ്‌ക്കുന്നു. അഭ്യൂഹങ്ങളിൽ വീഴരുതെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അക്രമികളെ തടയുന്നതിൽ സുരക്ഷാസേന പരാജയപ്പെട്ടെന്ന് പരാതിയുയർന്നിട്ടുണ്ട്. പലയിടത്തും ജനങ്ങളും സേനാംഗങ്ങളുമായി വാക്കേറ്റമുണ്ടായി.

ശനിയാഴ്ച ആരംഭിച്ചു

ഇക്കഴിഞ്ഞ ശനിയാഴ്ച പ്രാദേശികമായുണ്ടായ തർക്കത്തിനിടെ നാഗാ വിഭാഗത്തിലെ സ്റ്റെർലിംഗ് ഷിംറേ എന്നയാൾക്ക് പരിക്കേറ്റിരുന്നു. സമാധാനശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഞായറാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും ഇന്നലെയുമായി അക്രമം വ്യാപിച്ചു. കാത്തോ ലോംഗ്, കത്തോ കട്ടംനാവോ ലോംഗ് എന്നീ നാഗാ സംഘടനകൾ ഉഖ്റുൽ, കാംജോംഗ് ജില്ലകളിൽ കുക്കി വിഭാഗത്തിലുള്ളവരെ തടഞ്ഞത് എരിതീയിൽ എണ്ണയായി. മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് പരിക്കേറ്രയാളെ ആശുപത്രിയിൽ സന്ദ‌ർശിച്ചിരുന്നു.

അടിയന്തര യോഗം

സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ലിതാൻ പൊലീസ് സ്റ്റേഷനിൽ പ്രത്യേക കൺട്രോൾ റും തുറന്നു. ഉപമുഖ്യമന്ത്രി ലോസി ദിഖോ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുതി‌ർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സുരക്ഷാസേന റോന്തുചുറ്റൽ ഊർജ്ജിതമാക്കി. ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY