SignIn
Kerala Kaumudi Online
Friday, 24 April 2026 4.23 PM IST

കുറ്റം ചെയ്യാൻ ഉപദേശിച്ചത് ചാറ്റ്‌ജിപിടി? ഫ്ലോറിഡയിൽ നടന്ന വെടിവയ്‌പിൽ യഥാർത്ഥ കുറ്റക്കാരൻ ആര്?

Increase Font Size Decrease Font Size Print Page
chatgpt

സകല മേഖലകളിലും കൃത്രിമബുദ്ധി ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ കൃത്രിമബുദ്ധി സംവിധാനങ്ങളുടെ സുരക്ഷ, നിയന്ത്രണം, ഉത്തരവാദിത്തം തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളും വർദ്ധിക്കുകയാണ്. അത്തരം ചർച്ചകളുടെ പ്രാധാന്യം എടുത്തുകാണിക്കുകയാണ് അമേരിക്കയിൽ പുരോഗമിക്കുന്ന ഒരു കുറ്റാന്വേഷണം.

കുറ്റകൃത്യങ്ങൾക്കായി കൃത്രിമബുദ്ധി ഏത് രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് അമേരിക്കയിൽ പുരോഗമിക്കുന്നത്. ഫ്ലോറിഡയിൽ നടന്ന ഒരു കാമ്പസ് വെടിവയ്‌പിൽ ഓപ്പൺ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി നിയമപരമായ ഉത്തരവാദിത്തം വഹിക്കുമോയെന്നതാണ് പ്രധാനചോദ്യം. കഴിഞ്ഞ വർഷം ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവയ്‌പാണ് കേസിന് ആധാരം. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക അന്വേഷണങ്ങൾ ആരംഭിച്ചതായി ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്മിയർ അറിയിച്ചു. കമ്പനിയുടെ ഔദ്യോഗിക രേഖകളും ഉപഭോക്തൃ ഇടപെടലുകളുമായി ബന്ധപ്പെട്ട ഡാറ്റയും ശേഖരിക്കാൻ സമൻസ് പുറപ്പെടുവിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ ക്രിമിനൽ അന്വേഷണം ആവശ്യമാണെന്നും പ്രതിക്ക് ചാറ്റ്‌ജിപിടി നൽകിയ നിർദേശങ്ങൾ ഗൗരവമുള്ളതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ഏപ്രിലിൽ ഫ്ലോറി‌ഡ‌ സ്റ്റേറ്റ് യൂണിവേഴ്‌‌സിറ്റിയിൽ നടന്ന വെടിവയ്‌പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വെടിയുതിർത്ത 20 വയസുകാരൻ ഫീനിക്‌സ് ഇക്‌നർ നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. അതേസമയം താൻ കുറ്റം ചെയ്‌തിട്ടില്ലെന്നാണ് യുവാവ് പറയുന്നത്.

കുറ്റാരോപിതനായ യുവാവ് ചാറ്റ്‌ജിപിടിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി പ്രോസിക്യൂഷൻ വാദിക്കുന്നു. വെടിയുണ്ടകളെപ്പറ്റിയും കാമ്പസിലുള്ളവർ കൂടുതലായി പോകുന്ന സ്ഥലങ്ങളെപ്പറ്റിയും യുവാവ് ചാറ്റ്‌ജിപിടിയോട് ചോദിച്ചിരുന്നതായാണ് റിപ്പോർട്ട്. ചാറ്റ്ജി‌പിടിയോട് ഇയാൾ ചോദിച്ച ചോദ്യങ്ങൾ കേസിലെ പ്രധാനപ്പെട്ട തെളിവുകളാണ്. ചാറ്റ്‌ ബോട്ടിന്റെ മറുപടികൾ സാധാരണവിവരങ്ങൾക്കപ്പുറം മറ്റെന്തെങ്കിലും നിർദേശങ്ങൾ നൽകിയിട്ടുണ്ടോയെന്നാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുന്നത്.

അതേസമയം, ഓപ്പൺ എഐ ആരോപണങ്ങൾ തള്ളിക്കളയുകയാണ് ചെയ്യുന്നത്. കുറ്റകൃത്യത്തിൽ ചാറ്റ്ജിപിടിക്ക്‌ പങ്കില്ലെന്ന് കമ്പനി വ്യക്തമാക്കി. പൊതുവായി ലഭ്യമായ വിവരങ്ങൾ മാത്രമാണ് നൽകിയതെന്നും നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. പൂർണമായും അന്വേഷണത്തോട് സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ചാറ്റ്‌ജിപിടിക്ക് എതിരെ സമാനമായ ആരോപണങ്ങൾ നേരത്തെയും ഉയർന്നിട്ടുണ്ട്. ഈ വർഷം ബ്രിട്ടീഷ് കൊളംബിയയിൽ 18 കാരൻ നടത്തിയ വെടിവയ്‌പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. യുവാവിന്റെ ഉപയോഗ രീതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അക്കൗണ്ട് നിരോധിച്ചതായാണ് ചാറ്റ്ജിപിടി അറിയിച്ചത്. എന്നാൽ, ഈ വിവരം നേരത്തെതന്നെ പൊലീസിനെ അറിയിക്കാൻ കമ്പനി തയ്യാറായില്ല. അക്കാര്യം ചൂണ്ടിക്കാട്ടി ആക്രമണത്തിൽ പരിക്കേറ്റയാളുടെ ബന്ധു ഓപ്പൺ എ ഐ കമ്പനിക്ക് എതിരെ പരാതി നൽകുകയായിരുന്നു. ഹിംസാത്മകമായ പ്രവർത്തികൾ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ നൽകിയെന്ന പേരിൽ ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വേറെയും അന്വേഷണങ്ങൾ നേരിടുന്നുണ്ട്.

TAGS: CHATGPT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.