
കൊൽക്കത്ത: മെട്രോ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലുളള മഞ്ഞ വര മുറിച്ചുകടക്കുന്നവരിൽ നിന്ന് പിഴ ചുമത്താനൊരുങ്ങി കൊൽക്കത്ത മെട്രോ. ഇങ്ങനെ ചെയ്യുന്നവർ 250 രൂപ പിഴ ഒടുക്കേണ്ടി വരും.അടുത്ത മാസം ആദ്യം മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. യാത്രക്കാർക്കിടയിൽ അച്ചടക്കം പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഈ നടപടി.
ട്രെയിനുകൾക്കായി കാത്തിരിക്കുമ്പോൾ യാത്രക്കാർ പാലിക്കേണ്ട സുരക്ഷിതമായ ദൂരത്തെയാണ് മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ വര സൂചിപ്പിക്കുന്നത്. എന്നാൽ, പതിവായി മുന്നറിയിപ്പുകൾ നൽകിയിട്ടും നിരവധി യാത്രക്കാർ ഈ മാർഗനിർദ്ദേശം അവഗണിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പിഴ ചുമത്തൽ നടപടിയിലേയ്ക്ക് കടക്കാൻ തീരുമാനിച്ചതെന്നാണ് കൊൽക്കത്ത മെട്രോ അറിയിച്ചത്. അപകടകരമായ രീതിയിൽ ട്രാക്കുകൾക്ക് അടുത്ത് യാത്രക്കാർ നിൽക്കുന്നത് മെട്രോ സ്റ്റേഷനുകളിലെ പതിവ് കാഴ്ചയാണ്. യാത്രക്കാരുടെ ഇത്തരത്തിലുള്ള സുരക്ഷിതമല്ലാത്ത പെരുമാറ്റം മെട്രോ അധികൃതരെ കർശനമായ നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
പുതിയ തീരുമാനം അനുസരിച്ച് ഇനി മുതൽ മഞ്ഞ വര മറികടക്കുന്നത് മെട്രോ പരിസരത്ത് 'ശല്യം' സൃഷ്ടിക്കുന്ന പ്രവൃത്തിയായാണ് കണക്കാക്കുന്നത്. ജൂൺ ഒന്ന് മുതൽ യാത്രക്കാർ നിയമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നതിനുമായി പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ പുതിയ നപടി സഹായിക്കുമെന്നാണ് കരുതുന്നതെന്ന് മെട്രോ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |