സിംഗപ്പൂർ: പ്രശസ്‌ത ബോളിവുഡ് ഗായകനും നടനുമായ സുബീൻ ഗാർഗ് അന്തരിച്ചു. സിംഗപ്പൂരിൽ സ്‌കൂബാ ഡൈവിംഗിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായ അദ്ദേഹത്തെ ഉടൻ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരിച്ചു. 52 വയസായിരുന്നു. സിംഗപ്പൂരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്‌റ്റിവലിൽ ഗാനാവതരണത്തിനിരിക്കെയാണ് പെട്ടെന്ന് അപകടമുണ്ടായത്. കരയ്‌ക്കെത്തിച്ച് പ്രാഥമിക ചികിത്സ നൽകി സിംഗപ്പൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു സംഭവം.
സിംഗപ്പൂർ സമയം വൈകിട്ട് 5.14ന് അദ്ദേഹം മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. അസം സ്വദേശിയാണ് സുബീൻ ഗാർഗ്. അദ്ദേഹത്തിന്റെ മൃതദേഹം എത്രയും വേഗം അസമിലേക്ക് കൊണ്ടുവരാൻ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ചർച്ചകൾ നടത്തുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
സുബീൻ ഗാർഗിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും ഇന്ത്യൻ സംഗീതത്തിന് നൽകിയ കനത്ത സംഭാവനയ്‌ക്ക് അദ്ദേഹം എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി കുറിച്ചു.
സുബിൻ ഗാർഗിന്റെ മരണം ഭീകരമായൊരു ദുരന്തമാണെന്നും അദ്ദേഹത്തിന്റെ ശബ്‌ദം ഒരു തലമുറയെ സ്വാധീനിച്ചുവെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 'അസമിസ് സംഗീതത്തെ തന്റെ വ്യക്തിപരമായ ദുരന്തങ്ങളെ അതിജീവിച്ച് അദ്ദേഹം പുനഃർ നിർവചിച്ചു, സ്ഥിരോത്സാഹവും ധൈര്യവും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്, അദ്ദേഹം എന്നും നമ്മുടെ മനസുകളിൽ ജീവിക്കും.' രാഹുൽ ഗാന്ധി കുറിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ സിനിമാ മേഖലയിലെ പ്രവർത്തനത്തിൽ കൃഷ്3 യിലെ ദിൽ തുഹി ബത്താ,ഗാംഗ്‌സ്റ്ററിലെ യാ അലി അടക്കം നിരവധി ഗാനങ്ങൾ ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |