ന്യൂഡൽഹി: അഫ്‌ഗാൻ വിദേശകാര്യ മന്ത്രി അമീർഖാൻ മുത്തഖി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വനിതാ മാദ്ധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം. ഇന്ത്യയിലെ അഫ്‌ഗാൻ എംബസിയിൽ വച്ചാണ് വാർത്താസമ്മേളനം നടന്നത്. ഇവിടെയെത്തിയ വനിത മാദ്ധ്യമപ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഇതിനെതിരെ പലരും പ്രതിഷേധം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.
എല്ലാ വനിതാ മാദ്ധ്യമപ്രവർത്തകരും ഡ്രസ് കോഡ് പാലിച്ചിരുന്നുവെന്ന് പറഞ്ഞ് അനേകം വനിതാ മാദ്ധ്യമപ്രവർത്തകർ താലിബാൻ മന്ത്രിക്കെതിരായ പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
വ്യാഴാഴ്‌ചയാണ് അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയത്. ഇന്നലെ വിദേശകാര്യ മന്ത്രി എസ് ജയ‌്ശങ്കറുമായി ചർച്ച നടത്തി. അഫ്ഗാനിസ്ഥാനിൽ രോഗപ്രതിരോധത്തിനടക്കം ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു. കാബൂളിൽ ഇന്ത്യൻ എംബസി വീണ്ടും തുറക്കും. അഫ്ഗാനിസ്ഥാനിൽ ഭൂകമ്പത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിനും സഹായിക്കും. ഭക്ഷ്യസഹായവും തുടരുമെന്നും ചർച്ചയിൽ ധാരണയായി.
അഫ്ഗാനിസ്ഥാനിലെ ആശുപത്രികൾക്കായി 20 ആംബുലൻസുകൾ, എം.ആർ.ഐ, സി.ടി സ്കാൻ മെഷീനുകൾ, വാക്‌സിനുകൾ, ക്യാൻസർ മരുന്നുകൾ എന്നിവയും നൽകും. അഞ്ച് ആംബുലൻസുകൾ അഫ്ഗാൻ മന്ത്രിക്ക് ജയ്‌ശങ്കർ നേരിട്ട് കൈമാറി. കാബൂളിലെ ബഗ്രാമി ജില്ലയിൽ 30 കിടക്കകളുള്ള ആശുപത്രി, ഓങ്കോളജി സെന്റർ, ട്രോമ സെന്റർ, മറ്റു ചില പ്രവിശ്യകളിൽ അഞ്ച് മെറ്റേണിറ്റി ഹെൽത്ത് ക്ലിനിക്കുകൾ എന്നിവയും ഇന്ത്യ നിർമ്മിച്ചു നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |