കൊൽക്കത്ത: ബംഗാളിലെ സൗത്ത് കൽക്കട്ട ലാ കോളേജിൽ നിയമവിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി തൃണമൂൽ കോൺഗ്രസ് എംഎൽഎ മദൻ മിത്ര. വിദ്യാർത്ഥിനി ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് എംഎൽഎയുടെ പരാമർശം. ഒരു വാർത്താ ഏജൻസിയോടായിരുന്നു എംഎൽഎയുടെ പ്രതികരണം.
എവിടെക്കാണ് പോകുന്നതെന്ന് പെൺകുട്ടി ആരോടെങ്കിലും പറഞ്ഞിരുന്നുവെങ്കിലോ ഒന്നോ രണ്ടോ സുഹൃത്തുക്കളെ ഒപ്പം കൂട്ടിയിരുന്നുവെങ്കിലോ ഇത് സംഭവിക്കില്ലായിരുന്നു. പെൺകുട്ടിക്ക് നേർക്ക് ആക്രമണം നടത്തിയവർ സാഹചര്യത്തിന്റെ ആനുകൂല്യം മുതലെടുക്കുകയായിരുന്നുവെന്നുമായിരുന്നു എംഎൽഎയുടെ വാക്കുകൾ.
നേരത്തെ തൃണമൂൽ എംപി കല്യാൺ ബാനർജിയും സംഭവത്തെക്കുറിച്ച് വിവാദപരാമർശം നടത്തിയിരുന്നു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്താണ് ചെയ്യാൻ കഴിയുക എന്നായിരുന്നു ബാനർജിയുടെ പരാമർശം. ഇരുനേതാക്കളുടെയും വാക്കുകൾ വലിയ വിമർശനങ്ങൾക്കിടയാക്കിയതിന് പിന്നാലെ വിശദീകരണവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.
'സൗത്ത് കൽക്കട്ട ലാ കോളേജിൽ നടന്ന ഹീനമായ കുറ്റകൃത്യത്തെക്കുറിച്ച് എംപി കല്യാൺ ബാനർജിയും എംഎൽഎ മദൻ മിത്രയും നടത്തിയ പരാമർശങ്ങൾ അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. പ്രസ്താവനകൾ പാർട്ടി ശക്തമായി അപലപിക്കുന്നു. ഈ വീക്ഷണങ്ങൾ ഒരു തരത്തിലും പാർട്ടിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ല. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് ഞങ്ങൾ ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ല. ഈ ഹീനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവർക്കും കഴിയുന്നത്ര കർശനമായ ശിക്ഷ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു'- എന്നാണ് സമൂഹമാദ്ധ്യമത്തിലൂടെ തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയത്. പിന്നാലെ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പടുകയാണെന്ന വാദവുമായി മദൻ മിത്രയും രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |