ന്യൂഡൽഹി: വിവിധ കേസുകളിൽപെട്ട് ഖത്തറിൽ ജയിലിൽ കഴിയുന്നവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ഇന്ത്യൻ പ്രവാസി മൂവ്‌മെന്റിന്റെ (ഐ.പി.എം) നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ മലയാളികൾക്കു പുറമെ യു.പി, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. 700ലേറെ ഇന്ത്യക്കാരാണ് ഖത്തറിൽ ജയിലിൽ കഴിയുന്നത്. ഇതിൽ 600 ലേറെ പേർ കേരളത്തിൽ നിന്നുള്ളവരാണ്. ചെക്ക് കേസിലും മറ്റും ശിക്ഷ അനുഭവിക്കുന്നവരാണേറെയും.
ജയിലിൽ കഴിയുന്ന പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കണമെന്നും നാട്ടിലെത്തിക്കണമെന്നും ഐ.പി.എം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 60 എം.പിമാർ ഒപ്പിട്ട നിവേദനം കേന്ദ്രത്തിന് നൽകുമെന്ന് ഐ.പി.എം പ്രസിഡന്റ് ആർ.ജെ സജിത്ത് പറഞ്ഞു. ആഗസ്റ്റ് 15ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രവാസി സ്വതന്ത്ര ജാഥ സംഘടിപ്പിക്കും.
കുറ്റവാളികളെ കൈമാറാൻ 2015ൽ ഇന്ത്യയും ഖത്തറും ധാരണയിലെത്തിയെങ്കിലും കരാർ നിലവിൽ വന്നിട്ടില്ല. കരാർ പെട്ടെന്ന് പ്രാബല്യത്തിലാക്കണമെന്ന് ഐ.പി.എം ആവശ്യപ്പെട്ടു. ഖത്തറിലെ ഇന്ത്യൻ എംബസി നിഷ്‌ക്രിയമാണെന്നും ഇന്ത്യൻ പൗരൻമാർക്കുവേണ്ടി ഇടപെടുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫണ്ട് (ഐ.സി.ബി.എഫ്) ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതിയുണ്ടെന്നും കൃത്യമായ ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.
ലഹരിയും മറ്റു നിരോധിത വസ്തുക്കളും കൈവശം വച്ചതിനും കടത്തിയതിനും പിടിയിലായവരും ഖത്തർ ജയിലിലുണ്ട്. ഇവർക്ക് നിയമസഹായം ലഭിക്കുന്നില്ലെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ജന്ദർ മന്ദറിൽ നടന്ന പ്രതിഷേധത്തിൽ എം.പിമാരായ എൻ. കെ പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ്, ഐ.പി.എം പ്രസിഡന്റ് ആർ.ജെ സജിത്ത്, ജോയിന്റ് സെക്രട്ടറി എറിന ഭാസ്‌കർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |