ടോക്കിയോ: അമ്മയുടെ മൃതദേഹം അറുപതുകാരൻ ഫ്ളാറ്റിൽ ഒളിപ്പിച്ചത് പത്തുവർഷം. അസ്ഥികൂടം പൊലീസ് കണ്ടെത്തി. ജപ്പാൻകാരനായ തകേഹിസ മിയാവാക്കിയാണ് അമ്മയുടെ മൃതദേഹം ഒരു ദശാബ്ദത്തോളം ഫ്ളാറ്റിൽ ഒളിപ്പിച്ചത്. മിയാവാക്കിയ്‌ക്ക് ജോലിയൊന്നുമില്ല.
കഴിഞ്ഞ മേയിൽ കോബെയിലെ ഒരു സർക്കാർ ജീവനക്കാരൻ മിയാവാക്കി റോഡിൽ മുടന്തി നടക്കുന്നത് കണ്ടതിന് പിന്നാലെയാണ് സംഭവം പുറംലോകത്തെത്തിയത്. സർക്കാർ ജീവനക്കാരൻ വയോധികനോട് പേരും അമ്മയുടെ പേരും ചോദിച്ചു. മിയാവാക്കി മറുപടി നൽകാതായതോടെ ഉദ്യോഗസ്ഥന് ദുരൂഹത തോന്നി. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മിയാവാക്കിയുടെ അമ്മയുടെ പേരിലാണ് ഫ്ളാറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂണിൽ പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. ടോയ്‌ലറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെത്തുകയും ചെയ്തു. എന്തിനാണ് പത്ത് വർഷം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചതെന്ന ചോദ്യത്തിന്, തനിക്ക് സോഷ്യൽ ഫോബിയയാണെന്നായിരുന്നു മിയാവക്കിയുടെ മറുപടി.
'പത്ത് വർഷം മുമ്പുള്ള ഒരു ദിവസം അമ്മയെ ശ്വാസം നിലച്ചനിലയിൽ ടോയ്ലറ്റിൽ കണ്ടെത്തി. മൃതദേഹം തണുത്ത് മരവിച്ചിരുന്നു. അമ്മ മരിച്ചെന്ന് മനസിലായി. എന്നാൽ വിവരം പൊലീസിനെയോ അയൽക്കാരെയോ അറിയിക്കാൻ എനിക്ക് പേടിയായിരുന്നു. കാരണം എനിക്ക് സോഷ്യൽ ഫോബിയ ഉണ്ട്.'- മിയാവാക്കി പറഞ്ഞു.
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം മിയാവക്കിയുടെ അമ്മയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും കൊലപാതകമാണെന്നതിന് സൂചനകളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവം വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. സോഷ്യൽ ഫോബിയയാണെന്ന് മിയാവക്കി വെറുതെ പറയുന്നതാണെന്നും ജോലിക്ക് പോകാതെ അമ്മയുടെ പെൻഷൻ കൊണ്ട് ജീവിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |