ന്യൂഡൽഹി: അടുത്ത ഉപരാഷ്ട്രപതി ബിജെപിയിൽ നിന്നുള്ള മുതിർന്ന നേതാവായിരിക്കുമെന്ന് സൂചന. ജഗ്ദീപ് ധൻകറിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ഒഴിവുവന്ന കസേരയിൽ ജെഡിയുവിന്റെ നിതീഷ് കുമാറിനെ പോലുള്ള പ്രധാന സഖ്യകക്ഷികളെ ബിജെപി പരിഗണിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
എന്നാൽ 'പാർട്ടിയുടെ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധമുള്ള ഒരാളായിരിക്കും ഉപരാഷ്ട്രപതി'- എന്നാണ് പ്രമുഖ ബിജെപി നേതാവ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞിരിക്കുന്നത്. നേരത്തെ ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാം നാഥ് താക്കൂറും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ രാം നാഥ് താക്കൂർ ഉപരാഷ്ട്രപതിയായെത്തുമെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറിലെ മുൻ മുഖ്യമന്ത്രിയും ഭാരതരത്ന അവാർഡ് ജേതാവുമായ കർപൂരി താക്കൂറിന്റെ മകനാണ് രാം നാഥ് താക്കൂർ. കർഷക പുത്രനെന്ന വിശേഷണവുമായാണ് 2022ൽ ബംഗാൾ ഗവർണറായിരുന്ന ധൻകറിനെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയാക്കിയത്. തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന രാജസ്ഥാനിൽ ബി ജെ പിയുമായി ഇടഞ്ഞുനിന്ന ജാട്ട് വിഭാഗത്തെ അനുനയിപ്പിക്കാൻ സർക്കാർ അതിലൂടെ ലക്ഷ്യമിട്ടു. ധൻകറിന്റെ പിൻഗാമിയുടെ കാര്യത്തിലും ജാതിസമവാക്യങ്ങൾ പാലിച്ചാൽ രാംനാഥ് താക്കൂറിനെ പരിഗണിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇത്തരം റിപ്പോർട്ടുകളും ബിജെപി വൃത്തങ്ങൾ തള്ളിക്കളഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനത്തെക്കുറിച്ച് ജെഡിപി നേതൃത്വവുമായി ബിജെപി നേതാക്കൾ സംസാരിച്ചിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടി തുടങ്ങി കമ്മിഷൻ
ജഗ്ദീപ് ധൻകറിന്റെ രാജിയെ തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി പദത്തിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ. ധൻകറിന്റെ രാജിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. തയ്യാറെടുപ്പ് പൂർത്തിയായാലുടൻ സമയക്രമം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രാജ്യസഭയിലെയും ലോക്സഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജ് സജ്ജമാക്കാനും റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഉദ്യോഗസ്ഥർ എന്നിവരെ തീരുമാനിക്കാനുമുള്ള നടപടികളാണ് തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |