ബീജിംഗ്: തന്റെ മരണശേഷം വളർത്തുപൂച്ചയെ പരിപാലിക്കുന്നവർക്ക് മുഴുവൻ സമ്പാദ്യവും നൽകുമെന്ന് 82കാരനായ ചൈനീസ് പൗരൻ ലോംഗ്. ഗ്വാംഗ്‌ഡോൺ പ്രവിശ്യയിലെ വീട്ടിൽ ഒറ്റയ്‌ക്കാണ് ഇദ്ദേഹം താമസിക്കുന്നത്. ഭാര്യ പത്ത് വർഷം മുമ്പ് മരിച്ചുപോയി. ഇവർക്ക് കുട്ടികളില്ല. ഒരു മഴക്കാലത്ത് ലോംഗ് ഒരു കൂട്ടം തെരുവ് പൂച്ചകൾക്ക് അഭയം നൽകിയിരുന്നു. അതിൽ സിയാൻബ എന്ന് പേരിട്ട ഒരു പൂച്ച മാത്രമാണ് ഇപ്പോഴും കൂടെയുള്ളത്.
തന്റെ കാലം കഴിഞ്ഞാൽ ഈ പൂച്ചയെ ആര് നോക്കും എന്ന ആശങ്കയിലാണ് ലോംഗ്. ജീവിതകാലം മുഴുവൻ ഈ പൂച്ചയെ സത്യസന്ധമായി നോക്കുന്ന വിശ്വസ്‌തനായ ഒരാളെയാണ് ലോംഗ് നോക്കുന്നത്. ഈ പൂച്ചയെ നോക്കുന്നയാൾക്ക് ലോംഗ് തന്റെ അപ്പാർട്ട്‌മെന്റും എസ്റ്റേറ്റും പണവും ഉൾപ്പെടെ മുഴുവൻ സമ്പാദ്യവും നൽകും. ഒരു മാദ്ധ്യമത്തോടാണ് ലോംഗ് ഇക്കാര്യം പറഞ്ഞത്. പൂച്ചയെ നല്ല രീതിയിൽ പരിപാലിക്കുക എന്നതാണ് തന്റെ ഏക വ്യവസ്ഥയെന്നും ലോംഗ് പറഞ്ഞു.
ചൈനീസ് നഗരങ്ങളിൽ വളർത്തുമൃഗങ്ങളുടെ എണ്ണം വരുംകാലങ്ങളിൽ കുട്ടികളേക്കാൾ കൂടുമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ അവിടെ വളർത്തുമൃഗ വിപണി കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഒരു വ്യവസായമായി വളർന്നിരിക്കുകയാണ്. യുവതലമുറ, പ്രത്യേകിച്ച് 1990, 2000 കാലഘട്ടത്തിൽ ജനിച്ചവർ വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായാണ് കാണുന്നത്. ഇവർ വിലകൂടിയ ഭക്ഷണങ്ങൾ, ആരോഗ്യ സംരക്ഷണം, ഗ്രൂമിംഗ് തുടങ്ങിയവയ്‌ക്കെല്ലാം വലിയ രീതിയിൽ പണം ചെലവഴിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |