എത്ര കിട്ടിയാലും മതിയാകാത്ത ഒന്നാണ് പണം. വരുമാനം കൂടുന്തോറും ആവശ്യങ്ങളും കൂടും. സമ്പാദിക്കാനുള്ള നെട്ടോട്ടത്തിലാണ് ഏവരും. പണത്തിന് പിന്നാലെയുള്ള ഓട്ടത്തിനിടയിൽ നമുക്ക് ആസ്വദിക്കാൻ പറ്റാതെ പോകുന്ന നിരവധി കാര്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ഇളനീർ കച്ചവടക്കാരൻ മുംബയ് സ്വദേശിനിയായ ഗാർഗിക്ക് നൽകിയ ഉപദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വഴിയരികിൽ ഇളനീർ വിൽക്കുന്നത് കണ്ടപ്പോൾ കുടിക്കാൻ യുവതിക്ക് കൊതി തോന്നി. കച്ചവടക്കാരനോട് അത് വെട്ടിത്തരാൻ ആവശ്യപ്പെടുകയും ചെയ്തു. ഊബറിന് കാത്തുനിൽക്കുന്നതിനാൽ പെട്ടെന്ന് ചെയ്തുതരാൻ ആവശ്യപ്പെട്ടു. വിൽപ്പനക്കാരൻ ആലോചിച്ച് മറുപടി നൽകി.
ഒരു ചോദ്യമായിരുന്നു മറുപടി. പണം സമ്പാദിക്കാൻ വ്യക്തികൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും അവർക്ക് സമാധാനപരമായി ഭക്ഷണം കഴിക്കാനോ കുടിക്കാനോ സമയമില്ലെങ്കിൽ, എന്താണ് പ്രയോജനമെന്നായിരുന്നു കച്ചവടക്കാരന്റെ ചോദ്യം. ജോലി അവിടെ കാണും, എന്നാൽ ഭക്ഷണം പോലുള്ള ചെറിയ ചെറിയ സന്തോഷങ്ങൾക്കും ഏറെ പ്രാധാന്യമുണ്ടെന്നും കച്ചവടക്കാരൻ പറഞ്ഞു.
കച്ചവടക്കാരന്റെ മഹത്തായ ഉപദേശത്തെക്കുറിച്ച് ഗാർഗി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പോസ്റ്റിന് താഴെ കച്ചവടക്കാരനെ അനുകൂലിച്ച് അഭിനന്ദിച്ചും നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്. ഊബർ ഡ്രൈവർ രണ്ടോ മൂന്നോ മിനിട്ട് കാത്തിരിക്കുമെന്നും തിടുക്കം വേണ്ടെന്നുമൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ കച്ചവടക്കാരന്റെ ദീർഘവീക്ഷണത്തെക്കുറിച്ചാണ് കമന്റ് ചെയ്‌തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |