നിങ്ങൾ ഉപയോഗമില്ലാതെ വലിച്ചറിയുന്ന സാധനങ്ങൾ കൊണ്ട് ആർക്കെങ്കിലും പണക്കാരൻ ആകാൻ സാധിക്കുമോ? എന്നാൽ അത്തരത്തിൽ ലക്ഷപ്രഭു ആകാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് എല്ല റോസ് എന്ന 23കാരി. ദി സൺ റിപ്പോർട്ട് ചെയ്തനുസരിച്ച് യുവതി വീട്ടിലിരുന്ന് ഓൺലൈൻ ബിസിനസ് നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെന്നാണ്. ടെക്സാസ് സ്വദേശിയായ എല്ല റോസ് 13-ാം വയസ് മുതലാണ് സമയം ചെലവഴിക്കാനായി ഇത്തരത്തിൽ ചെയ്ത് തുടങ്ങിയത്.
നഗരത്തിലെ ആഡംബര കടകൾക്ക് മുൻപിലുളള മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും വിൽപ്പനയ്ക്ക് യോഗ്യമല്ലാത്ത സാധനങ്ങൾ എല്ല ശേഖരിക്കുമായിരുന്നു. ഇങ്ങനെ ലഭിക്കുന്ന ചില വസ്തുക്കൾ ഓൺലൈനിലൂടെ വിൽക്കുന്നുണ്ടെന്നും എല്ല പറയുന്നു. ആയിരം രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് അത്തരത്തിലുളള സാധനങ്ങൾക്ക് വിലയായി ലഭിക്കാറുളളത്.
മറ്റുളളവർ ഉപേക്ഷിച്ച മികച്ച ബ്രാൻഡിലുളള സാധനങ്ങൾ ശേഖരിക്കുകയും അത് ഓൺലൈനിലൂടെ വിറ്റ് പണം സമ്പാദിക്കുകയും ചെയ്യുന്നുവെന്നാണ് യുവതി പറയുന്നത്. അത്തരത്തിലുളള വസ്തുക്കളുടെ കൂട്ടത്തിൽ ചില വിലപിടിപ്പുളള സാധനങ്ങളും എല്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. 50,000 രൂപ വിലയുളള ഒരു ഡൈസൺ എയർറാപ്പും 44,000 രൂപ വിലയുളള വാലന്റീനോ ട്രെയിനറുകളുമാണ് ഇതുവരെ എല്ല ശേഖരിച്ചവയിൽ വിലയേറിയ സാധനങ്ങൾ.
സമയം ചെലവഴിക്കാൻ ചെയ്തത് ഇപ്പോൾ ബിസിനസ് ആക്കിയിരിക്കുകയാണ്. സീസൺ സമയം അല്ലെങ്കിൽ പോലും പ്രതിമാസം ഓൺലൈൻ ബിസിനസിൽ നിന്ന് 45,000 രൂപയുടെ വരുമാനം എല്ലയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഉത്സവ സീസണുകളിൽ പ്രതിമാസം ഒമ്പത് ലക്ഷം വരെ വരുമാനവും ലഭിക്കുന്നു. സോഷ്യൽ മീഡിയയിലും ഇത്തരത്തിൽ വിൽക്കാനുളള സാധനങ്ങളുടെ വീഡിയോകൾ യുവതി പങ്കുവയ്ക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |