'ആ യാത്രയ്‌ക്കുശേഷം റാപ്പിഡോ ഡ്രൈവർ ബാത്ത്‌റൂമിൽ നിന്ന് വീഡിയോ കോൾ ചെയ്‌തു'; വെളിപ്പെടുത്തലുമായി യുവതി
ന്യൂഡൽഹി: ഓൺലൈൻ യാത്രാ സർവീസായ റാപ്പിഡോയിലെ ഡ്രൈവറിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി യുവതി. ഡൽഹിയിൽ നിന്നും ഗ്രേറ്റർ നോയിഡയിലേക്ക് നടത്തിയ യാത്രയ്‌ക്കിടെയാണ് യുവതിക്ക് മോശം അനുഭവം ഉണ്ടായത്. ഷൈവ്യ വഷിഷ്‌ത എന്ന യുവതിയാണ് വെളിപ്പെടുത്തൽ നടത്തിയത്. യാത്രയിലുടനീളവും അതിനുശേഷവും റാപ്പിഡോ ഡ്രൈവർ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇതോടെ രാത്രിയാത്രകൾ ചെയ്യുന്ന സ്‌ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി.
2025ൽ നടന്ന സംഭവമാണിതെങ്കിലും ഇപ്പോഴാണ് ഇത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള മനോബലം ഉണ്ടായതെന്ന് ഷൈവ്യ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ ആളുകൾ അത് കേൾക്കുമോ, പിന്തുണയ്‌ക്കുമോയെന്നെല്ലാം അറിയാനാണ് ശ്രമമെന്നും ഷൈവ്യ പറഞ്ഞു. ദുരനുഭവം നേരിട്ടതിനുപിന്നാലെ റാപ്പിഡോയ്‌ക്ക് അയച്ച ഇ-മെയിലിന്റെ സ്‌ക്രീൻഷോട്ടും അവർ പോസ്റ്റിനൊപ്പം പങ്കുവച്ചു.
യാത്രയ്‌ക്കിടെ ഡ്രൈവർ ലൈംഗിക സൂചനയുള്ള ഗാനങ്ങൾ പ്ലേ ചെയ്‌തതായും കുടുംബം, സ്വകാര്യജീവിതം എന്നിവയെക്കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചതായും ഷൈവ്യ പറഞ്ഞു. യാത്ര അവസാനിച്ചതിനുശേഷവും ഡ്രൈവർ തന്നെ നിരന്തരം ഫോണിൽ വിളിച്ചതായും യുവതി പറയുന്നു. നമ്പർ ബ്ലോക്ക് ചെയ്‌തതിനുശേഷവും മറ്റു നമ്പറുകളിൽ നിന്നും ഫോൺകോളുകളും സന്ദേശങ്ങളും തുടർന്നെന്നാണ് യുവതിയുടെ ആരോപണം. ബാത്ത്‌റൂമിൽ നിന്നുൾപ്പടെ വീഡിയോ കോൾ ചെയ്‌തതായും യുവതി പറയുന്നു. ഈ സംഭവങ്ങളെല്ലാം തനിക്ക് വലിയരീതിയിൽ മാനസിക ആഘാതങ്ങൾ ഉണ്ടാക്കിയതായി ഷൈവ്യ വ്യക്തമാക്കി.
യുവതിയുടെ പോസ്‌റ്റ് വൈറലായതിനുപിന്നാലെ പ്രതികരണവുമായി റാപ്പിഡോ രംഗത്തെത്തി. 'ഇത്തരം അനുഭവം നേരിടേണ്ടി വന്നതിൽ ഖേദിക്കുന്നു. യാത്രയ്‌ക്കിടയിലും അതിനുശേഷവും ആരും സുരക്ഷിതത്വമില്ലായ്‌മ അനുഭവിക്കരുത്. ഇത്തരത്തിലുള്ള പെരുമാറ്റം തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഒരിക്കലും അംഗീകരിക്കാനാകില്ല'- റാപ്പിഡോ പോസ്റ്റിനു താഴെ കുറിച്ചു.
ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ റാപ്പിഡോ മസ്‌ക് ചെയ്യാറുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കമ്പനി വ്യക്തമാക്കി. റാപ്പിഡോയിൽ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറും യാത്രയുടെ വിവരങ്ങളും നേരിട്ടുള്ള സന്ദേശത്തിലൂടെ പങ്കുവയ്‌ക്കണമെന്ന് കമ്പനി അഭ്യർത്ഥിച്ചു. കുറ്റാരോപിതനായ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി ഉറപ്പ് നൽകി.