കുട്ടിക്കാലത്ത് നമുക്ക് പല സ്വപ്നങ്ങളുമുണ്ടാകും. ചിലരുടെ ആഗ്രഹം ഡോക്ടറാകണമെന്നായിരിക്കും, എന്നാൽ മറ്റുചിലർക്ക് താത്പര്യം ടീച്ചറാകണമെന്നായിരിക്കും. ഇങ്ങനെ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ടാകും. അത്തരത്തിൽ ബീഹാറിലെ ബെഗുസാരായിൽ നിന്നുള്ള രാകേഷ് കുമാർ എന്ന ചെറുപ്പക്കാരന്റെ ലക്ഷ്യം എഞ്ചിനിയറാകണമെന്നായിരുന്നു.
എന്നാൽ കാലം ആ സ്വപ്നങ്ങൾ മാറ്റിമറിച്ചു. ഐടിഐ പഠിച്ച രാകേഷ് ഇന്ന് അറിയപ്പെടുന്നത് 'ദി സ്‌നേക്ക് ഗാർഡിയൻ' എന്നാണ്. അതായത് പാമ്പുകളുടെ സംരക്ഷകൻ. യുവാവിന്റെ വീട്ടിലിപ്പോൾ പെരുമ്പാമ്പ് അടക്കം നാൽപ്പത് പാമ്പുകളുണ്ട്. ഉഗ്രവിഷമുള്ളതും കൂട്ടത്തിലുണ്ട്.
പാമ്പുകളെ രാകേഷിന് ഒട്ടും പേടിയില്ല. മാത്രമല്ല അവയോടുള്ള താത്പര്യം അദ്ദേഹത്തെ നാട്ടിലെ താരവുമാക്കി. പ്രദേശത്ത് എവിടെ പാമ്പുകളെ കണ്ടാലും ആളുകൾ രാകേഷിനെയാണ് വിളിക്കുന്നത്. പഠനകാലത്ത് ഒരു അദൃശ്യ ശക്തിയുടെ സാന്നിദ്ധ്യം തന്നെ നയിക്കുന്നതായി ഒരിക്കൽ അനുഭവപ്പെട്ടിട്ടുണ്ടെന്ന് രാകേഷ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഒരിക്കൽ അമ്മാവന് സുഖമില്ലാതായി. ഗ്രാമവാസികൾ പരമ്പരാഗത വൈദ്യനെ സന്ദർശിക്കാൻ നിർദ്ദേശിക്കുമായിരുന്നു. എന്നാൽ ചിലർ വൈദ്യൻ നിങ്ങളുടെ സ്വന്തം വീട്ടിലുണ്ടെന്ന് പറഞ്ഞു. ഇതുകേട്ട് രാകേഷ് അത്ഭുതപ്പെട്ടു. കാലക്രമേണ, അത്തരമൊരു ശക്തി തനിക്ക് ഉണ്ടായിരിക്കാമെന്ന് രാകേഷ് വിശ്വസിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ജീവിതം ഒരു ബോളിവുഡ് സിനിമ പോലെ തോന്നും.
പാമ്പുകളോട് യുവാവ് ഇടപഴകുന്ന കാര്യമാണ് ഏറ്റവും കൗതുകകരം. അവയോട് സംസാരിക്കുന്നു, അവയെ സ്പർശിക്കുന്നു, ഭയമില്ലാതെ അവയുമായി കളിക്കുകയും ചെയ്യുന്നു. ഗ്രാമത്തിലെ കുട്ടികൾക്ക് യുവാവൊരു ഹീറോയാണ്. മുതിർന്നവരിൽ പലരും കരുതുന്നത് രാകേഷിന് എന്തോ അമാനുഷിക ശക്തിയുണ്ടെന്നാണ്. രാകേഷ് നിരവധി പേരെ പാമ്പ് പിടിക്കുന്നതെങ്ങനെയെന്ന് പരിശീലിപ്പിച്ചിട്ടുണ്ട്.
പാമ്പുകളെ പിടിക്കുന്നതിനിടെ പലതവണ കടിയേറ്റിട്ടുണ്ടെന്ന് രാകേഷ് സമ്മതിക്കുന്നു, പക്ഷേ ദേവിയുടെ അനുഗ്രഹം ഉള്ളതുകൊണ്ട് ജീവന് ആപത്തൊന്നും വന്നില്ലെന്ന് യുവാവ് പറയുന്നു. യുവാവ് പാമ്പുകളെ സുരക്ഷിതമായി പിടിക്കുക മാത്രമല്ല, കാട്ടിലേക്ക് തിരികെ വിടുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |