കൊണ്ടോട്ടി : കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയ എയർ ഇന്ത്യ വിമാനം രണ്ട് മണിക്കൂറിനകം തിരിച്ചിറക്കി. ബുധനാഴ്ച രാവിലെ 9.17ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഐ.എക്സ് 375 ദോഹ വിമാനമാണ് തിരികെയിറക്കിയത്.
രാവിലെ 11.12ന് സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരെ ഉച്ചയ്ക്ക് 2.14ന് മറ്റൊരു വിമാനത്തിൽ കൊണ്ടുപോയി. പറന്നുയർന്ന് ഒരു മണിക്കൂറിനു ശേഷം വിമാനത്തിന്റെ എ.സിക്ക് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുൻകരുതലെന്ന രീതിയിൽ വിമാനം തിരിച്ചിറക്കുകയായിരുന്നെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
ഏഴ് കുട്ടികളുൾപ്പെടെ 182 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവള ഡയറക്ടറുടെ നിർദ്ദേശപ്രകാരം വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. പക്ഷേ, വിമാനത്തിന് അടിയന്തര ലാൻഡിംഗ് ആവശ്യമായി വന്നില്ല. യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റിയ ശേഷമാണ് കേടുപാടുകൾ പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |