ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് യഥാർത്ഥ മൃതദേഹം കൈമാറണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് പൗരന്റെ ബന്ധുക്കൾ. ജൂൺ 12ലെ വിമാനാപകടത്തിൽ മരിച്ചവരിൽ 52 പേർ യു.കെ പൗരന്മാരായിരുന്നു. എന്നാൽ,തങ്ങൾക്ക് കൈമാറിയത് യഥാർത്ഥ മൃതദേഹമല്ലെന്നാണ് ഒരു ഇരയുടെ ബന്ധുക്കളുടെ പരാതി. അതിനാൽ സംസ്‌കാരചടങ്ങുകൾ മാറ്റിവച്ചിരിക്കുകയാണെന്ന് വ്യക്തമാക്കി. അപകടത്തിൽ മരിച്ച ഒന്നിലധികം പേരുടെ ശരീരാവശിഷ്‌ടങ്ങൾ തങ്ങൾക്ക് കൈമാറിയ പെട്ടിയിലുണ്ടായിരുന്നുവെന്ന് മറ്റൊരു യു.കെ. പൗരന്റെ ബന്ധുവും വെളിപ്പെടുത്തി. അവ മാറ്റിയ ശേഷമാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയതെന്നും കൂട്ടിച്ചേർത്തു. യു.കെയും ഇന്ത്യയും ഉന്നതതല അന്വേഷണം ആരംഭിച്ചെന്നും വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം
വിദേശമാദ്ധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടെന്നും,യു.കെയുമായി ആശയവിനിമയം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൃത്യമായ പ്രോട്ടോകോൾ പാലിച്ചാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ബന്ധുക്കളുടെ ആശങ്ക പരിഹരിക്കാൻ യു.കെ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |