ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ തെരുവിൽ വംശീയ ആക്രമണം. ശനിയാഴ്ച വൈകിട്ട് ഡബ്ലിനിലെ താലയിലായിരുന്നു സംഭവം. മൂന്നാഴ്ച മുമ്പ് അയർലൻഡിലെത്തിയ യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അർദ്ധനഗ്നനാക്കി ക്രൂരമായി മർദ്ദിച്ചു. യുവാവിന്റെ മുഖത്തും കൈകാലുകളിലും ഗുരുതര പരിക്കേറ്റു.
മുഖത്ത് നിന്നും രക്തം ഒഴുകുന്ന നിലയിലുള്ള യുവാവിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഐറിഷ് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തെ അപലപിച്ച് അയർലൻഡിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര രംഗത്തെത്തി.
ഓസ്ട്രേലിയയിലും
ആക്രമണം
ഓസ്ട്രേലിയയിലും ഇന്ത്യക്കാരന് നേരെ ആൾക്കൂട്ട ആക്രമണവും വംശീയ അധിക്ഷേപവും ഉണ്ടായെന്ന് പരാതി. അഡലെയ്‌ഡിലെ കിൻറ്റോർ അവന്യൂവിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭാര്യയ്ക്കൊപ്പം കാറിൽ നഗരം കാണാനിറങ്ങിയ ചരൺപ്രീത് സിംഗ് എന്നയാളാണ് ആക്രമിക്കപ്പെട്ടത്.
പാർക്കിംഗ് തർക്കത്തെ തുടർന്ന് ഒരുകൂട്ടം യുവാക്കൾ ഇയാളെ മർദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. മുഖത്തും തലയ്ക്കും ശക്തമായ ഇടിയേറ്റ സിംഗ് അബോധാവസ്ഥയിലായി. എമർജൻസി സർവീസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ 20കാരൻ അറസ്റ്റിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |