ഇന്ത്യയിലെ മിക്ക ആളുകളുടെയും ഒരു വികാരമാണ് ചായ. അതിനാൽ തന്നെ ചായക്കടകൾ വളരെ പെട്ടെന്ന് പച്ചപിടിക്കാറുണ്ട്. സ്വന്തം ബിസിനസ് തുടങ്ങുമ്പോൾ പലരും ആദ്യം ആലോചിക്കുന്നത് ഒരു ചായക്കട ഇട്ടാലോയെന്നാണ്. എവിടെ ഇട്ടാലും ചായക്കടകൾ ഹിറ്റാണ്. അത്തരത്തിൽ ഒരു ദിവസം ഒരു ചായക്കടയിൽ നിന്ന് എത്ര രൂപ ലഭിക്കുമെന്ന് പരീക്ഷിച്ച ഒരു വ്‌ളോഗറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ശുഭം പ്രജാപത് എന്ന വ്‌ളോഗറാണ് കുംഭമേള നടക്കുന്ന സ്ഥലത്ത് ചായ വിൽപന നടത്തിയത്. ചായയ്‌ക്കൊപ്പം കുടിവെള്ളവും വിൽപനയ്ക്ക് വച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോയും യുവാവ് പങ്കുവച്ചിട്ടുണ്ട്. 'മാഡ് കോപ്' എന്ന പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കപ്പിന് 10 രൂപ എന്ന നിരക്കിലാണ് ചായ വിറ്റത്. മഹാകുംഭമേളയ്ക്കിടെ കണ്ടെയ്നറിൽ ചായയുമായി നടന്ന് യുവാവ് വിൽപ്പന നടത്തുന്നതും വീഡിയോയിൽ കാണാം. ഡിസ്‌പോസിബിൾ കപ്പിലാണ് ചായ നൽകിയത്.
ഒരു ദിവസത്തിനൊടുവിൽ 7000 രൂപയുടെ ചായയും വെള്ളവുമാണ് വിറ്റതെന്ന് യുവാവ് പറയുന്നു. കൂടാതെ തനിക്ക് 5000 രൂപയാണ് ലാഭം കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം തന്നെ 13 മില്യണിലധികം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. ഒരു ദിവസം 5000 രൂപ ലാഭം ലഭിച്ചാൽ ഒരു മാസം എത്ര ലഭിക്കുമെന്നാണ് ചിലർ കണക്കുകൂട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |