കൊൽക്കത്ത: വിദ്യാർത്ഥിയെ വിവാഹം ചെയ്യുന്ന വീഡിയോ വെെറലായതിന് പിന്നാലെ രാജിക്കൊരുങ്ങി അദ്ധ്യാപിക. ബംഗാളിലെ നാദിയ ജില്ലയിലെ ഹരിംഘട്ടയിലുള്ള മൗലാന അബ്‌ദുൾ കലാം ആസാദ് സാങ്കേതിക സർവകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസർ ഒന്നാംവർഷ വിദ്യാർത്ഥിയെ വിവാഹം ചെയ്യുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
ഈ വീഡിയോയ്‌ക്കെതിരെ വൻ പ്രതിഷേധം ഉയർന്നതോടെയാണ് അദ്ധ്യാപിക രാജിസന്നദ്ധ അറിയിച്ചിരിക്കുന്നത്. വിവാദം ഉയർന്നതോടെ സംഭവം അന്വേഷിക്കാൻ സർവകലാശാല മൂന്നംഗ പാനലിനെ രൂപീകരിക്കുകയും അദ്ധ്യാപികയിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇത് ഒരു സൈക്കോ ഡ്രാമ പ്രകടനമാണെന്നും അത് തന്റെ ക്ലാസിന്റെ ഭാഗമായിരുന്നെന്നും അവർ വിശദീകരിച്ചതായാണ് വിവരം.
വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അദ്ധ്യാപികയും ഒന്നാംവർഷ വിദ്യാർത്ഥിയും ഹിന്ദു ബംഗാളി ആചാരങ്ങളോടെ വിവാഹിതരാകുന്നതാണ് പ്രചരിച്ച വീഡിയോയിലുളളത്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ അദ്ധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കോളേജ് അധികൃതർ പറഞ്ഞിരുന്നു.
വീഡിയോ പ്രചരിച്ചതും തുടർന്നുണ്ടായ പ്രതിഷേധവും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ധ്യാപിക രാജിസന്നദ്ധ അറിയിച്ചത്. കോളേജ് അധികൃതർക്ക് ഇമെയിൽ വഴി രാജി കത്ത് അയച്ചെന്നും റിപ്പോർട്ടുണ്ട്. ഇത്രയും വർഷം കോളേജിൽ ജോലി ചെയ്യാൻ നൽകിയ അവസരത്തിന് നന്ദിയുണ്ടെന്നും കത്തിൽ അദ്ധ്യാപിക പറയുന്നു. എന്നാൽ അദ്ധ്യാപികയുടെ രാജി സന്നദ്ധതയിൽ കോളേജ് അധികൃതർ ഇതുവരെ മറുപടി നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |