ഗുഹാമനുഷ്യരെ കുറിച്ച് കേട്ടിട്ടില്ലാത്തവരായി ആരും തന്നെ കാണില്ല. ഈ കാലഘട്ടത്തിൽ പെട്ടെന്ന് ഒരു ഗുഹാമനുഷ്യനെ കണ്ടാലോ? അത്തരം ഒരു സംഭവമാണ് മുംബയിൽ നടന്നിരിക്കുന്നത്. തിരക്കേറിയ മുംബയ് നഗരത്തിലൂടെ ഗുഹാമനുഷ്യന്റെ വേഷം ധരിച്ച ഒരാൾ നടക്കുന്നതിന്റെ വീഡിയോ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പാറിപ്പറക്കുന്ന മുടിയും നീളൻ താടിയും പഴകിയ വേഷവുമാണ് ധരിച്ചിരിക്കുന്നത്. മരപ്പലകയിൽ തീർത്ത ഉന്തുവണ്ടിയുമായി തെരുവിലെത്തിയ ഇയാൾ അവിടെ ഓടിനടക്കുന്നു. ജനങ്ങൾ ഇയാളിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
എന്നാൽ ശരിക്കുമിത് ആരെന്ന് അറിഞ്ഞാൽ അവർ തന്നെ ഞെട്ടിപ്പോകും. ബോളിവുഡ് നടൻ ആമിർ ഖാൻ ആയിരുന്നു അത്. ശീതള പാനീയത്തിന് വേണ്ടിയുള്ള പരസ്യത്തിന്റെ ഭാഗമായിട്ട് നടത്തിയ ഒരു പ്രാങ്ക് ആയിരുന്നു ഇത്. അണിയറപ്രവർത്തകർ തന്നെയാണ് പിന്നീട് ഇക്കാര്യം വെളിപ്പെടുത്തിയത്. ആമിർ ഗുഹാമനുഷ്യനായി ഒരുങ്ങുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് ശേഷമാണ് പലരും ആമിർ ഖാനെ തിരിച്ചറിഞ്ഞത്. ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആയ ആമിർ ഖാൻ ഇതിന് മുൻപും ഇത്തരം നൂതനമായ പ്രമോഷൻ ക്യാംപെയ്നുകൾ കൊണ്ട് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
2007ൽ തിയേറ്ററുകളിലെത്തിയ 'താരേ സമീൻ പർ' എന്ന ഏറെ ശ്രദ്ധേയമായ സിനിമുടെ തുടർച്ചയായ 'സിത്താരെ സമീൻ പർ' എന്ന ചിത്രത്തിലാണ് ആമീർ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ നടി ജെനീലിയയും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |