SignIn
Kerala Kaumudi Online
Saturday, 02 May 2026 3.43 PM IST

ഒടുവില്‍ കൊല്‍ക്കത്ത ജയിച്ചു; രാജസ്ഥാനെ വീഴ്ത്തിയത് അവസാന ഓവറില്‍

Increase Font Size Decrease Font Size Print Page
kkr-won

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ 85ന് ആറ് എന്ന നിലയില്‍ മറ്റൊരു തോല്‍വി കൂടി ഉറ്റുനോക്കിയതാണ്. റിങ്കു സിംഗ് - അനുകൂല്‍ റോയ് സഖ്യത്തിന്റെ ഏഴാം വിക്കറ്റിലെ മികച്ച പ്രകടനമാണ് ജയം സമ്മാനിച്ചത്. 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. റിങ്കു സിംഗ് അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു.

ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് തോല്‍വിയും ഒരു ജയവും മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിനെതുടര്‍ന്ന് ലഭിച്ചതും ഉള്‍പ്പെടെ മൂന്ന് പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ഇതോടെ പോയിന്റെ പട്ടികയിലെ അവസാന സ്ഥാനത്ത് നിന്ന് ഒരുപടി മുകളിലേക്ക് കയറാനും അവര്‍ക്കായി. വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ ടിം സീഫര്‍ട്ട്, ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ എന്നിവര്‍ റണ്ണൊന്നും നേടാതെ പുറത്തായി.

അന്‍ക്രിഷ് രഘുവംശി 10(19), കാമറൂണ്‍ ഗ്രീന്‍ 27(13), റോവ്മാന്‍ പവല്‍ 23(20) രമണ്‍ദീപ് സിംഗ് 10(13) റണ്‍സ് വീതം നേടി. രമണ്‍ദീപ് ആറാമനായി മടങ്ങുമ്പോള്‍ സ്‌കോര്‍ 13.3 ഓവറില്‍ 85 റണ്‍സ് എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റില്‍ 37 പന്തില്‍ നിന്ന് 76* റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് റിങ്കു സിംഗ് 53*(34) - അനുകൂല്‍ റോയ് 29*(16) എന്നിവര്‍ പടുത്തുയര്‍ത്തിയത്. രാജസ്ഥാന് വേണ്ടി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, രവി ബിഷ്‌ണോയി, യാഷ് രാജ പഞ്ച എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മികച്ച തുടക്കത്തിന് ശേഷം ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി 46(28) - യശസ്വി ജയ്‌സ്‌വാള്‍ 39(29) സഖ്യം 81 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ആ മികവ് ആവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെ രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പതിന് 155 എന്ന സ്‌കോറില്‍ ഒതുങ്ങി.

ഓപ്പണര്‍മാര്‍ക്ക് ശേഷം ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 12(14), ഷിംറോണ്‍ ഹെറ്റ്മയര്‍ 15(18) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ കൊയ്ത വരുണ്‍ ചക്രവര്‍ത്തിയാണ് രാജസ്ഥാനെ തകര്‍ത്തത്. കാര്‍ത്തിക് ത്യാഗിക്കും മൂന്ന് വിക്കറ്റുകള്‍ ലഭിച്ചു. സ്പിന്നര്‍ സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

TAGS: NEWS 360, SPORTS, KKR, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY