SignIn
Kerala Kaumudi Online
Saturday, 02 May 2026 3.38 PM IST

പരിശീലനത്തിനിറങ്ങി ധോണി,​ പരിക്കിൽ നിന്ന് മുക്തനായോ?​ ഐപിഎല്ലിൽ ഇന്ന് നിർണായക മത്സരം

Increase Font Size Decrease Font Size Print Page
dhoni

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന ആവേശപ്പോരാട്ടമാണ്. ചെന്നൈയിലെ ചെപ്പോക്ക് മൈതാനത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് മത്സരം. രാത്രി ഏഴരയ്ക്ക് ആരംഭിക്കുന്ന മത്സരത്തിൽ ആരാധകർ ഉറ്റുനോക്കുന്നത് മഹേന്ദ്രസിംഗ് ധോണി കളിക്കുമോ ഇല്ലയോ എന്നാണ്. ഈ സീസണിലെ കഴിഞ്ഞഎട്ട് മത്സരങ്ങളിലും ധോണിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. കാലിനേറ്റ പരിക്കിനെത്തുടർന്നാണ് അദ്ദേഹത്തിന് കഴിഞ്ഞ മത്സരങ്ങൾ നഷ്ടമായത്. പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും, പരിക്ക് പൂർണ്ണമായി ഭേദമായിട്ടുണ്ടോയെന്ന് മെഡിക്കൽ സംഘം വിലയിരുത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. ധോണിയുടെ പരിക്ക് വേഗത്തിൽ ഭേദമായി വരുന്നുണ്ടെന്നും, എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമെന്നുമാണ് സിഎസ്കെയുടെ ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി പ്രതികരിച്ചത്.

തിരിച്ചുവരവ് മാത്രം ലക്ഷ്യമിടുന്ന ചെന്നൈയ്ക്കും ഫോമില്ലായ്മ കാരണം വലയുന്ന മുംബയ് താരങ്ങൾക്കും ഏറെ നിർണായകമാണ് ഇന്നത്തെ മത്സരം. ഏറ്റവും നല്ല പ്രകടനം കാഴ്ചവെയ്ക്കാനാകും ഇരുടീമുകളും ശ്രമിക്കുക. നിലവിൽ ചെന്നൈയ്ക്ക് ആറും മുംബയ്ക്ക് നാലു പോയിന്റും വീതമാണുള്ളത്. ഈ സീസണിൽ രണ്ടുതവണ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിലാണ് ചെന്നൈയുടെ പ്രതീക്ഷ. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് അവസരത്തിനൊത്തുയരുകയും കൂടി ചെയ്താൽ ചെന്നൈയുടെ വിജയസാദ്ധ്യത വർദ്ധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയവർ ഫോമിലേക്ക് ഉയരാത്തത് മുംബയ് ഇന്ത്യൻസിനെ പ്രതിരോധത്തിലാക്കുന്നു. ഐപിഎല്ലിൽ ഏറ്റവുമധികം തവണ കപ്പ് സ്വന്തമാക്കിയ ടീമുകളാണ് ചെന്നൈയും മുംബയും. അഞ്ചുതവണ വീതമാണ് ഇരുടീമുകളും കിരീടം സ്വന്തമാക്കിയത്. ചെന്നൈയ്ക്ക് വേണ്ടി ധോണി കൂടി ഇറങ്ങിയാൽ മത്സരത്തിന്റെ ആവേശം കൂടും.

TAGS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY