SignIn
Kerala Kaumudi Online
Saturday, 02 May 2026 3.34 PM IST

ജബൽപൂർ ബോട്ടപകടം; മകനെ ചേർത്തുപിടിച്ച് അമ്മ, മുങ്ങിത്തുടങ്ങുമ്പോഴുള്ള ദൃശ്യങ്ങൾ പുറത്ത്

Increase Font Size Decrease Font Size Print Page
boat-tragedy

ജബൽപൂർ: മദ്ധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ബർഗി ഡാം റിസർവോയറിലുണ്ടായ ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അപകടമുണ്ടായ സമയത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വൻ സുരക്ഷാവീഴ്‌ച ഉണ്ടായെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

യാത്രക്കാർ ബോട്ടിലിരിക്കുമ്പോൾ പെട്ടെന്ന് വെള്ളം ഇരച്ചുകയറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. പിന്നീട് ആളുകൾ നിലവിളിക്കുന്നതും ബോട്ടിനുള്ളിൽ വെള്ളം നിറയുന്നതും കാണാം. ലൈഫ് ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ച നിലയിൽ യുവതിയുടെയും നാല് വയസുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തിയത് നൊമ്പരക്കാഴ്‌ചയായിരുന്നു. ആ അമ്മയെയും മകനെയും ദൃശ്യങ്ങളിൽ കാണാം. ബോട്ടിന്റെ ഇടതുവശത്താണ് ഇവർ ഇരുന്നിരുന്നത്.

ബോട്ട് മുങ്ങാൻ തുടങ്ങുമ്പോഴാണ് പരിഭ്രാന്തരായ ജീവനക്കാർ ലൈഫ് ജാക്കറ്റുകളുടെ കെട്ടഴിക്കുന്നത് വീഡിയോയിൽ കാണാം. പരിഭ്രാന്തരായി പായുന്ന യാത്രക്കാരിൽ പലരും ലൈഫ് ജാക്കറ്റ് ധരിച്ചിട്ടില്ല. ബോട്ടിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്ന വാദങ്ങൾ തെളിയിക്കുന്നതാണിത്.

ജലത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ കയറുന്നതിനു മുൻപ് എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് നൽകുകയും അത് യാത്രക്കാർ ശരിയായ രീതിയിൽ ധരിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാൽ ഈ അടിസ്ഥാന നിയമം പോലും ലംഘിച്ചിരുന്നെന്ന് ജബൽപൂരിലെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

നാൽപ്പതിലധികം വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ട ക്രൂസിലുണ്ടായിരുന്നത്. എന്നാൽ, വെറും 29പേർക്ക് മാത്രമാണ് ടിക്കറ്റ് നൽകിയത്. സ്ഥലത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നിട്ടും അമിതമായി ആളുകളെ കയറ്റിയ ബോട്ടിന് ഡാമിൽ പ്രവേശിക്കാൻ അനുമതി നൽകിയത് സുരക്ഷാലംഘനമാണെന്നും റിപ്പോർട്ടുകളുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, BOAT TRAGEDY, JABALPUR, MADHYA PRADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY