'ഹാർദിക് ഇല്ലാത്തപ്പോൾ മുംബയ് ടീമംഗങ്ങൾ കൂടുതൽ ഒത്തൊരുമയുള്ളവരായി'; വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം
ധരംശാല: ഹാർദിക് പാണ്ഡ്യ ടീമിൽ ഇല്ലാത്തപ്പോൾ മുംബയ് ഇന്ത്യൻസ് ടീമംഗങ്ങളിൽ കൂടുതൽ ഒത്തൊരുമ കാണാൻ കഴിഞ്ഞുവെന്ന് മുൻ ഇന്ത്യൻതാരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ധരംശാലയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബയ് ഇന്ത്യൻസ് വിജയം നേടുകയും അത് ആഘോഷമാക്കുകയും ചെയ്ത രീതി കണ്ട ശേഷമാണ് ശ്രീകാന്തിന്റെ നിരീക്ഷണം. പരിക്കിനെ തുടർന്ന് ഹാർദികും കുഞ്ഞ് ജനിച്ചതിനാൽ സൂര്യകുമാർ യാദവും ടീമിന് പുറത്തിരുന്ന മത്സരത്തിൽ ജസ്‌പ്രീത് ബുംറയായിരുന്നു മുംബയ്‌യെ നയിച്ചത്. ബുംറയെ ക്യാപ്ടനാക്കിയത് നല്ലൊരു നീക്കമായിരുന്നുവെന്ന് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ശ്രീകാന്ത് പറഞ്ഞു.
'ബുംറയെ നായകനാക്കിയത് മികച്ച നീക്കമാണ്. ഹാർദിക് ടീമിൽ ഇല്ലാതിരുന്നപ്പോൾ കളിക്കാരുടെ ആവേശത്തിലും പ്രകടമായ മാറ്റമുണ്ടായിരുന്നു. അവർ ജയിക്കാനായി പരമാവധി ശ്രമിച്ചു. തീർച്ചയായും ടീമിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. ഹാർദിക് ഇല്ലാത്തപ്പോൾ ടീമിലെ അന്തരീക്ഷം കൂടുതൽ ലളിതമായി തോന്നി. പെട്ടെന്ന് ടീം മൊത്തത്തിൽ കൂടുതൽ ഒത്തൊരുമയുള്ളവരായി. ജയിക്കണമെന്ന വാശി, മൈൻഡ് സെറ്റ്... അവർ പോയിന്റ് പട്ടികയിൽ ഒടുവിലായിട്ടും ജയിക്കാനുള്ള തീവ്രശ്രമം മൈതാനത്ത് കാണിച്ചു. ക്രിക്കറ്റിൽ അതാണ് വേണ്ടത്. ആ ഒരു എനർജി അവിടെ ഉണ്ടായിരുന്നു.'-ശ്രീകാന്ത് പറഞ്ഞു.
സൂര്യകുമാർ യാദവ് കളിക്കാതിരുന്നിട്ടും ടീമിലെ യുവതാരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് ശ്രീകാന്ത് ചൂണ്ടിക്കാണിച്ചു. ദീപക് ചഹാർ, രാജ് അംഗദ് ബാവ എന്നിവരുടെ ബൗളിംഗ് പ്രകടനത്തെയും റയാൻ റിക്കിൾട്ടന്റെ അഗ്രസീവ് ബാറ്റിംഗിനെയും തിലക് വർമ്മയുടെ മാച്ച് വിന്നിംഗ് പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. പോയിന്റ് പട്ടികയിൽ പിന്നിലായിട്ടും ജയിക്കണമെന്ന തീവ്രമായ ആഗ്രഹം മുംബയ് താരങ്ങൾ മൈതാനത്ത് കാണിച്ചുവെന്നും ക്രിക്കറ്റിൽ അതാണ് പ്രധാനമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.