ഇന്ത്യയ്‌ക്കെതിരായ അപകീർത്തി പരാമർശം;  ലോകകപ്പ്  റിപ്പോർട്ട്  ചെയ്യാൻ  എത്തിയ  പാകിസ്ഥാൻ  സ്‌പോർട്സ്  ജേർണലിസ്റ്റിനെ തിരിച്ചയച്ചു

Monday 09 October 2023 9:32 PM IST

ന്യൂഡൽഹി: ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ എത്തിയ പാകിസ്ഥാൻ സ്‌പോർട്സ് ജേർണലിസ്റ്റ് സെെനബ് അബ്ബാസിനെ ഇന്ത്യയിൽ നിന്ന് തിരിച്ചയച്ചു. ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം. ഐ സി സിയുടെ ലോകകപ്പ് അവതാരകരുടെ പട്ടികയിലുള്ള സെെനബ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്.

ഇന്ത്യയ്‌ക്കെതിരെയും ഹിന്ദു വിശ്വാസങ്ങൾക്കെതിരെയും മുൻപ് സെെനബ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇത്തരത്തിലുള്ള അവരുടെ പഴയ എക്സ് പോസ്റ്റുകൾ ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായി. ഇതിന് പിന്നാലെ ഇവർക്കെതിരെ വൻതോതിൽ സെെബറാക്രമണം നടന്നിരുന്നു. സെെനബിനെതിരെ സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാലാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് സെെനബിനെ തിരിച്ചയച്ചത്. നാളെ പാകിസ്ഥാൻ -ശ്രീലങ്ക മത്സരം നടക്കാനിരിക്കെയാണ് ഇവരെ പറഞ്ഞയച്ചത്. എന്നാൽ സുരക്ഷാ ഭീഷണിയെ തുടർന്ന് സെെനബ് തന്നെയാണ് നാട്ടിലേയ്ക്ക് മടങ്ങിയതെന്നും വാർത്തകളുണ്ട്.

സെെനബ് ഹിന്ദു വിശ്വാസത്തെയും ഇന്ത്യയെയും അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിലുണ്ട്. അതിഥി ദേവോ ഭവ എന്നത് നമ്മുടെ രാജ്യത്തെയും ഹിന്ദു ധർമ്മത്തെയും ബഹുമാനിക്കുന്നവർക്ക് മാത്രമാണ്. എന്നാൽ ഭാരതീയ വിരുദ്ധരെ നാട്ടിൽ സ്വാഗതം ചെയ്യേണ്ടതില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ സ്‌പോർട്സ് ജേർണലിസ്റ്റ് സെെനബ് അബ്ബാസ് ഇന്ത്യ വിട്ടുവെന്നും ഇപ്പോൾ ദുബായിലാണെന്നും പാകിസ്ഥാനിലെ സമാ ടിവി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.