SignIn
Kerala Kaumudi Online
Saturday, 02 May 2026 3.40 PM IST

 ഡ്രസിംഗ് റൂമിൽ പുകവലി: പരാഗിന് കുരുക്കായി ക്യാമറ

Increase Font Size Decrease Font Size Print Page
riyan-parag

ചണ്ഡീഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ്-രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് റിയാൻ പരാഗ്. ഡ്രസിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ പതിനാറാം ഓവറിൽ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസിംഗ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഈ സിഗരറ്റ് നിർമിക്കാനോ, ഉപയോഗിക്കാനോ വിൽപ്പന നടത്താനോ ഇറക്കുമതി/കയറ്റുമതി ചെയ്യാനോ ഇന്ത്യയിൽ അനുമതിയില്ല. സ്റ്റേഡിയത്തിന്റെ പരിസരത്തും ഡ്രസിംഗ് റൂമിലും പുകവലി പൂർണമായും നിരോധിച്ചിട്ടുണ്ട്. അതിനാൽ പരാഗിനെതിരെ കടുത്ത അച്ചടക്കനടപടിക്ക് സാദ്ധ്യതയുണ്ട്. 16 പന്തിൽ നിന്ന് 29 റൺസെടുത്ത പരാഗ് കളിയുടെ നിർണായക സമയത്താണ് പുറത്തായത്. തുടർന്ന് ഡ്രസിംഗ് റൂമിലെത്തിയതിനു ശേഷം സഹതാരങ്ങളായ ദ്രുവ് ജുറേലും യശ്വസി ജയ്സ്വാളും അടുത്തിരിക്കുമ്പോഴാണ് പരാഗ് പുകവലിച്ചത്. ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ഇതിനുമുമ്പ് ഇതേ സീസണിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദറിന് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സമാനമായ അച്ചടക്ക നടപടി ക്യാപ്റ്റനായ പരാഗിന് എതിരെയും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയതോടെയാണ് രാജസ്ഥാൻ റോയൽസ് നായകസ്ഥാനം 24-കാരനായ പരാഗിലെത്തിയത്. എന്നാൽ സീസണിൽ ബാറ്റിംഗിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ മത്സരത്തിന് മുമ്പ് വരെ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 81 റൺസ് മാത്രമാണ് താരം സ്വന്തമാക്കിയത്. മോശം ഫോമിന് പിന്നാലെ അച്ചടക്ക ലംഘനത്തിന് താക്കീതോ പിഴയോ ലഭിച്ചാൽ താരത്തിന് വലിയ തിരിച്ചടിയാകും.

വിവാദങ്ങൾക്കിടയിലും പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തകർപ്പൻ വിജയം സ്വന്തമാക്കി. പരാഗ് പുറത്തായശേഷം അവസാന ഓവറുകളിൽ ഡൊണാവൻ ഫെരേര (52*), ശിവം ദുബെ (31) എന്നിവരുടെ മികച്ച പ്രകടനമാണ് റോയൽസിന് ജയം സമ്മാനിച്ചത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാം സ്ഥാനത്തെത്തി.

TAGS: NEWS 360, SPORTS, RIYAN PARAG, IPL, RAJASTHAN ROYALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY