തിലകിന്റെ ഒറ്റയാൾ പോരാട്ടം, രണ്ടാം ടി20യിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ
ചെന്നൈ: തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 2 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 4 പന്ത് ബാക്കി നിൽക്ക ലക്ഷ്യം നേടി (166/8)
മത്സരത്തിൽ പുറത്താകെ 4 ഫോറും 5 സിക്സും ഉൾപ്പെടെ 55 പന്തിൽ 72 റൺസ് നേടിയ തിലക് വർമ്മയാണ് ഇന്ത്യയുടെ വിജയശില്പി. ഫോറടിച്ച് ഇന്ത്യയുടെ വിജയ റൺ നേടിയതും തിലകാണ്. അവസാന ഓവറുകളിൽ 2 നിർണായക ഫോറുകൾ നേടിയ ബിഷ്ണോയി (9) തിലകിനൊപ്പം പുറത്താകാതെ നിന്നു. വാഷിംഗ്ടൺ സുന്ദറും (19 പന്തിൽ 26) ഇന്ത്യയ്ക്ക് ബാറ്റുകൊണ്ട് നിർണായക സംഭാവന നൽകി. സഞ്ജു (5),അഭിഷേക് (12), സൂര്യകുമാർ (12), ജുറൽ (4), ഹാർദിക് (7) എന്നിവരെല്ലാം നിരാശപ്പെടുത്തി. ബ്രൈഡൺ കാർസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെപ്പോലെ ക്യാപ്ടൻ ജോ ബട്ട്ലറുടെ (43) ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ബ്രൈഡൺ കാർസ് (31), ജാമി സ്മിത്ത് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്ക്കായി വരുണും അക്ഷറും 2 വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ ടീമിൽ പരിക്കേറ്റ നിതീഷിനും റിങ്കുവിനും പകരം ജുറലും നിതീഷും ഇറങ്ങി. പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.