തിരുവനന്തപുരം: കായിക സംഘടനകൾ ഫണ്ട് വാങ്ങി പുട്ടടിച്ചെന്ന മന്ത്രി വി. അബ്ദുറഹിമാന്റെ പരാമർശത്തിന് എതിരെ, നിയമ നടപടി സ്വീകരിക്കുമെന്ന് കേരളാ ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ) പ്രസിഡന്റ് വി.സുനിൽ കുമാർ അറിയിച്ചു. കായിക മന്ത്രിക്ക് ചേരാത്ത പ്രസ്താവന വി.അബ്ദുറഹിമാൻ തിരുത്തണം.
പണം ദുരുപയോഗം ചെയ്യുന്ന സംഘടനകളുണ്ടെങ്കിൽ അവയുടെ പേര് മന്ത്രി വെളിപ്പെടുത്തണം. നാല് വർഷമായി ഒരു സംഘടനകൾക്കും സർക്കാർ ഫണ്ട് നൽകിയിട്ടില്ല. അനുവദിക്കാത്ത തുക കൊണ്ട് എങ്ങനെ പുട്ടടിക്കും. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രസ്താവന ഒരുരൂപ പോലും വാങ്ങാതെ നിസ്വാർത്ഥമായി കായിക മേഖലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് പേരെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാൽ കായിക മന്ത്രിക്കെതിരെ മാനനഷ്ടക്കേസ് നൽകും. ഇന്ന് നിയമ നടപടികൾ തുടങ്ങും.
വനിതാ ഹാൻഡ് ബോൾ ടീം മൂന്ന് ദിവസത്തെ മാത്രം പരിശീലനം കൊണ്ടാണ് വെള്ളി നേടിയത്.അവരെ അഭിനന്ദിക്കുന്നതിന് പകരം ഒത്തുകളിച്ചതുകൊണ്ടാണ് വെള്ളി അയിപ്പോയതെന്ന മന്ത്രിയുടെ പ്രസ്താവന താരങ്ങളെ അപമാനിക്കുന്നതാണെന്നും കെ.ഒ.എ പുറത്തിറക്കിയ പ്രസ്താവനയിൽ സുനിൽകുമാർ പറഞ്ഞു.
സുനിൽ കുമാർ പ്രസിഡന്റായ ഹോക്കി അസോസിയേഷന് കീഴിൽ ഹോക്കി ടീമുകളുടെ പ്രകടനം മോശമാണെന്ന മന്ത്രിയുടെ വിമർശനത്തിന് കണക്ക് നിരത്തിയാണ് സുനിൽ കുമാർ മറുപടി നൽകിയത്. 2020-21 സാമ്പത്തിക വർഷം കേരളാ ഹോക്കിക്ക് 20 ലക്ഷം രൂപ ബഡ്ജറ്റിൽ അനുവദിച്ചിരുന്നു. ആ തുക 181ഓളം സ്കൂളുകൾക്ക് ഹോക്കി കിറ്റും മറ്റും വാങ്ങുന്നതിന് വിനിയോഗിച്ചു. ഇതിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സ്പോർട്സ് ഡയറക്ടറേറ്റിൽ നൽകിയിട്ടുണ്ട്. 2024-25 ബഡ്ജറ്റിൽ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും 5 ലക്ഷമേ കിട്ടിയുള്ളൂ. ഇതിന്റെയെല്ലാം കണക്ക് കൃത്യമായി നൽകിയിട്ടുണ്ടെന്നും രേഖകൾ പുറത്ത് വിട്ട് സുനൽ കുമാർ വ്യക്തമാക്കി.
കായിക മന്ത്രി ശനിയാഴ്ച പറഞ്ഞത്
ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിന്റെ കാരണം കായിക സംഘടനകളാണ് അവരെ നിയന്ത്രിക്കേണ്ടതുണ്ട്.ഓരോ വർഷവും 10 ലക്ഷം രൂപ വീതം അസോസിയേഷനുകൾക്കു കൊടുക്കുന്നുണ്ട്. എന്നിട്ടും യോഗ്യത നേടിയില്ലെങ്കിൽ ആ പണം ഉപയോഗിച്ച് അവർ മറ്റെന്തോ ചെയ്യുകയല്ലേ? പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണം.വനിതാ ഹാൻഡ്ബോളിൽ ഒത്തുകളി നടത്തി സ്വർണം ഹരിയാനയ്ക്കു കൊടുത്തു. കേരളം വെളളി കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു. ഇതിലും അസോസിയേഷനു പങ്കുണ്ട്.സുനിൽകുമാർ പ്രസിഡന്റായ ഹോക്കി അസോസിയേഷന്റെ കീഴിൽ 10 വർഷമായി ഹോക്കിയിൽ എന്ത് നേട്ടമുണ്ടായി.
ചക്കുളത്തിപ്പോര്
ദേശീയ ഗെയിംസിൽ കേരളം 14-ാം സ്ഥാനത്തായിപ്പോയതിന് കാരണം കായിക മന്ത്രിയും സംസ്ഥാന സ്പോർട്സ് കൗൺസലും ആണെന്ന സുനൽ കുമാറിന്റെ ആരോപണത്തോടെയാണ വിവാദങ്ങൾക്ക് തുടക്കം. കായിക മന്ത്രി വട്ടപൂജ്യമാണെന്ന് സുനിൽ കുമാർ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |