കൊൽക്കത്ത: പശ്ചിമബംഗാൾ ബിജെപി മുൻ പ്രസിഡന്റ് ദിലീപ് ഘോഷ് 60-ാംവയസിൽ വിവാഹിതനായി. പാർട്ടി പ്രവർത്തകയായ റിങ്കു മജുംദാറിനെയാണ് ദിലീപ് ഘോഷ് വിവാഹം ചെയ്തത്. തന്റെ അമ്മയുടെ ആഗ്രഹം നിറവേറ്റാനാണ് വിവാഹം ചെയ്തതെന്ന് ബിജെപി നേതാവ് പറഞ്ഞു. ബംഗാളി പരമ്പരാഗത ആചാരങ്ങൾ പ്രകാരമായിരുന്നു വിവാഹം.
2021ൽ പ്രഭാത നടത്തത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ മാസമാദ്യമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് ദിലീപ് വെളിപ്പെടുത്തി. താനാണ് വിവാഹാഭ്യർത്ഥന നടത്തിയതെന്നും ദിലീപ് ക്രമേണ സമ്മതം മൂളിയതിൽ സന്തോഷമുണ്ടെന്നും റിങ്കു പറഞ്ഞു. ദിലീപിന്റെ ആദ്യ വിവാഹമാണിത്. 51കാരിയായ റിങ്കുവിന്റെ രണ്ടാം വിവാഹവും. ഇവർക്ക് ആദ്യവിവാഹത്തിൽ നിന്ന് ഒരു മകനുണ്ട്.
വിവാഹത്തിൽ നിരവധി ബിജെപി നേതാക്കൾ പങ്കെടുത്തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പൂക്കൂടകളും ആശംസാ കത്തും അയച്ചു. നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കളും ആശംസ അറിയിച്ചു.
ഏറെക്കാലമായി ആർആർഎസ്‌എസിൽ പ്രവർത്തിക്കുന്ന ദിലീപ് 2015 മുതൽ 2021വരെയാണ് ബംഗാളിലെ ബിജെപി പ്രസിഡന്റായി പ്രവർത്തിച്ചത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |