SignIn
Kerala Kaumudi Online
Friday, 25 July 2025 3.49 PM IST

പ്രായമല്ല വിരമിക്കൽ മാനദണ്ഡം : പി.പ്രശാന്ത്

Increase Font Size Decrease Font Size Print Page
prasanth

ക്രിക്കറ്റ് കളിക്കാർ വിരമിക്കുന്നതിന് ഒരിക്കലും പ്രായം ഒരു മാനദണ്ഡമായി മാറരുതെന്ന് കേരള ക്രിക്കറ്റ് ടീം ചീഫ് സെലക്ടറും മുൻ കേരള രഞ്ജി താരവുമായ പി.പ്രശാന്ത്. ഫിറ്റ്നസും ഫോമും മാത്രമാണ് സെലക്ഷന് വേണ്ടി പരിഗണിക്കേണ്ടത്. കേരള ടീമിന്റെ സെലക്ഷനിൽ ഈ മാനദണ്ഡമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും അതിന് കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകുന്ന പിന്തുണയാണ് ചരിത്രത്തിലാദ്യമായി കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലെത്തിച്ചതെന്നും കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രശാന്ത് പറഞ്ഞു. പ്രശാന്തുമായുള്ള സംഭാഷണത്തിൽ നിന്ന്...

രഞ്ജി ട്രോഫി ഫൈനൽ

അവിശ്വസനീയമായ അനുഭവം. ഞങ്ങളൊക്കെ കളിക്കുമ്പോൾ രഞ്ജിട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലേക്ക് എത്തുകയെന്നത് വലിയ പ്രയാസമായിരുന്നു. ഒരിക്കലെങ്കിലും ഫൈനലിൽ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കളി നിറുത്തുമ്പോഴുള്ള പ്രയാസവും ആഗ്രഹിച്ചിടത്തേക്ക് എത്താനായില്ലല്ലോ എന്നതായിരുന്നു. പക്ഷേ ചീഫ് സെലക്ടറായി കേരള ടീമിനൊപ്പം ഫൈനൽ മത്സരത്തിന് ഡ്രസിംഗ് റൂമിലിരുന്ന നിമിഷങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും ത്രില്ലടിക്കുന്നു. കർക്കശക്കാരനായ കോച്ച് അമേയ് ഖുറാസ്യ, സച്ചിൻ ബേബിയുടെ നേതൃത്വത്തിലെ അച്ചടക്കവും ആത്മാർത്ഥതയുമുള്ള ടീമംഗങ്ങൾ, എല്ലാ പിന്തുണയും നൽകിയ അസോസിയേഷൻ ഭാരവാഹികൾ ഇവരുടെയെല്ലാം പ്രയത്നഫലമാണ് റണ്ണേഴ്സ് അപ്പ് ട്രോഫി.

കേരള ക്രിക്കറ്റിന്റെ മാറ്റം

ഞങ്ങളുടെ തലമുറ കളിക്കുന്ന കാലത്തുനിന്നും എത്രയോ ഉയരത്തിലാണ് ഇന്ന് കേരള ക്രിക്കറ്റ്. അന്നൊന്നും കേരളത്തിൽ നിന്നുള്ള താരങ്ങൾക്ക് കഴിവ് തെളിയിക്കാൻ ഇത്രത്തോളം അവസരങ്ങളില്ല. നല്ല ഗ്രൗണ്ടുകളില്ല. ഗ്രൗണ്ടിലെ കാടുവെട്ടിത്തെളിച്ച് പിച്ചൊരുക്കി കളിച്ചവരാണ് ഞങ്ങൾ. ഇന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് തിരുവനന്തപുരം ജില്ലയിൽതന്നെ മൂന്ന് ഗംഭീര സ്റ്റേഡിയങ്ങളുണ്ട്. വയനാടുൾപ്പടെയുള്ള ജില്ലകളിൽ സ്റ്റേഡിയവും അക്കാഡമിയും. അതുപോലെതന്നെ ഓരോ ഏജ് കാറ്റഗറിയിലും നിരവധി ടൂർണമെന്റുകളും.

കേരള ക്രിക്കറ്റ് ലീഗ്

മലയാളി താരങ്ങൾക്ക് ലഭിച്ച ഏറ്റവും നല്ല അവസരം. കെ.സി.എല്ലിലെ പ്രകടനമാണ് വിഘ്നേഷ് പുത്തൂരിനെ മുംബയ് ഇന്ത്യൻസിലെത്തിച്ചത്. സച്ചിൻ ബേബിക്ക് ഇക്കുറി സൺറൈസേഴ്സ് ഹൈദരാബാദിൽ അവസരം ലഭിച്ചതിലും നിർണായകമായത് കെ.സി.എല്ലിലെ പ്രകടനമാണ്. ദേശീയ തലത്തിൽ ശ്രദ്ധേയരാകാൻ ശേഷിയുള്ള കളിക്കാർക്കുവേണ്ടി നിരവധി ടൂർണമെന്റുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്നത്. മുമ്പ് 23വയസ് കഴിഞ്ഞാൽ പ്രതിഭ തെളിയിക്കാൻ അവസരമില്ലായിരുന്നു. ഇന്ന് ആ അവസ്ഥയുംമാറി.

പ്രായവും പ്രതിഭയും

പ്രായമല്ല പ്രതിഭയാണ് പ്രധാനം. മികച്ച രീതിയിൽ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുകയും വേണം. കേരള ടീം സെലക്ഷന് കായിക്ഷമത വളരെ പ്രധാനമാണ്. സച്ചിൻ ബേബിയൊക്കെ ഫിറ്റ്നെസിൽ കാണിക്കുന്ന ശ്രദ്ധതന്നെയാണ് അദ്ദേഹത്തെ ഈ നിലയിലേക്ക് എത്തിച്ചത്. ഫിറ്റ്നെസും ഫോമുമുണ്ടെങ്കിൽ പ്രായത്തിന്റെ പേരിൽ മാറ്റിനിറുത്തില്ല. 30 വയസിന് ശേഷമാണ് ഒരു ക്രിക്കറ്റർ പക്വതയാർജിക്കുന്നതെന്നാണ് എന്റെ അഭിപ്രായം.

കേരളത്തിന്റെ ഭാവി

വളരെ പ്രതീക്ഷാജനകമാണ്. ഇന്ത്യൻ ടീമിലേക്ക് എത്താൻ കഴിവുള്ള നിരവധി ചെറുപ്പക്കാരുണ്ട്. അണ്ടർ 14 തലം മുതൽ ആൺകുട്ടികളിലും പെൺകുട്ടികളിലും നിലവാരമുള്ള പ്രതിഭകളെ വളർത്തിയെടുക്കാൻ കെ.സി.എയ്ക്ക് സാധിക്കുന്നുണ്ട്. അവർക്ക് കളിച്ചുവളരാനുള്ള അവസരവുമുണ്ട്. രഞ്ജി ട്രോഫി ഫൈനൽ കളിക്കാത്തതുകൊണ്ടാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതെന്ന് ഇനി പറയില്ലല്ലോ ?

അടുത്ത സീസൺ

സെലക്ടർ എന്ന നിലയിലെ യഥാർത്ഥ വെല്ലുവിളി അടുത്ത സീസണിലായിരിക്കുമെന്ന് തിരിച്ചറിവുണ്ട്. ഈ ടെംപോ നിലനിറുത്താനാകണം. ടീമിൽ നിന്ന് ഫൈനലിൽ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കില്ല. കേരള ക്രിക്കറ്റിനെ സാധാരണക്കാർവരെ ഫോളോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അവരെ നിരാശപ്പെടുത്തരുത്. അതുകൊണ്ടുതന്നെ കോച്ച് അമേയ് ഖുറാസ്യയുടെ കീഴിൽ ക്യാമ്പ് തുടങ്ങിക്കഴിഞ്ഞു. ഒമാനിൽ പരിശീലന പര്യടനത്തിൽ അവരുടെ ദേശീയ ടീമിനോട് മികച്ച പ്രകടനം കാഴ്ചവച്ചു. ശുഭപ്രതീക്ഷകളോട‌െ, ഡിസിപ്ളിനോടെ, ഒരുമയോടെ മുന്നോട്ടുനീങ്ങുന്നു.

TAGS: NEWS 360, SPORTS, P PRASANTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.