ഡൽഹി ക്യാപ്പിറ്റൽസിനെ 10 വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റാൻസ്
ഡൽഹി ക്യാപ്പിറ്റൽസ് 199/3, ഗുജറാത്ത് ടൈറ്റാൻസ് 205/0
സായ് സുദർശന് സെഞ്ച്വറി (108 നോട്ടൗട്ട്),ശുഭ്മാൻ ഗിൽ (93 നോട്ടൗട്ട്)
കെ.എൽ രാഹുലിന്റെ സെഞ്ച്വറി(112 നോട്ടൗട്ട്) പാഴായി
കെ.എൽ രാഹുൽ
65 പന്തുകൾ
14 ഫോറുകൾ
4 സിക്സുകൾ
112 റൺസ്
സായ് സുദർശൻ
61 പന്തുകൾ
12 ഫോറുകൾ
4 സിക്സുകൾ
108 റൺസ്
ശുഭ്മാൻ ഗിൽ
53 പന്തുകൾ
3 ഫോറുകൾ
7 സിക്സുകൾ
93 റൺസ്
ന്യൂഡൽഹി : കെ.എൽ രാഹുലിന്റെ സെഞ്ച്വറിയുമായി വിരട്ടാൻ നോക്കിയ ഡൽഹി ക്യാപ്പിറ്റൽസിനെ സെഞ്ച്വറിയടിച്ച സായ് സുദർശന്റെയും (108 നോട്ടൗട്ട്) സെഞ്ച്വറിക്കടുത്തെത്തിയ ശുഭ്മാൻ ഗില്ലിന്റേയും (93 നോട്ടൗട്ട്) മികവിൽ പത്തുവിക്കറ്റിന് തകർത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റാൻസ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
ഓപ്പണറായി കളത്തിലേക്കിറങ്ങി തകർപ്പൻ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന കെ.എൽ രാഹുലിന്റെ (112 നോട്ടൗട്ട് ) മികവിൽ ഡൽഹി ക്യാപ്പിറ്റൽസ് നിശ്ചിത 20 ഓവറിൽ 199/3 എന്ന സ്കോറിലെത്തി. 65 പന്തുകളിൽ 14 ബൗണ്ടറികളും നാലു സിക്സുകളുമടക്കമാണ് രാഹുൽ സെഞ്ച്വറിയിലെത്തിയത്. അഭിഷേക് പൊറേൽ (30), അക്ഷർ പട്ടേൽ (25), ട്രിസ്റ്റൺ സ്റ്റബ്സ് (21 നോട്ടൗട്ട്) എന്നിവരുടെ പിന്തുണയോടായിരുന്നു രാഹുലിന്റെ വിളയാട്ടം. നാലാം ഓവറിൽ ടീം സ്കോർ 16ൽ നിൽക്കുമ്പോൾ ഡുപ്ളെസി പുറത്തായെങ്കിലും ഒറ്റയാനെപ്പോലെ ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ രാഹുൽ ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. എന്നാൽ ഐ.പി.എൽ കരിയറിലെ രണ്ടാം സെഞ്ച്വറിയുമായി സായ് സുദർശനും ഈ സീസണിലെ ആറാം അർദ്ധസെഞ്ച്വറിയുമായി ഗില്ലുംകൂടി തകർത്താടിയതോടെ ഗുജറാത്ത് ടൈറ്റാൻസ് 19 ഓവറിൽ ഒറ്റ വിക്കറ്റുപോലും നഷ്ടമാകാതെ വിജയിക്കുകയായിരുന്നു. സായ് 61 പന്തുകളിൽ 12 ഫോറുകളും നാല് സിക്സുകളും പായിച്ചപ്പോൾ ശുഭ്മാൻ 53 പന്തുകളിൽ മൂന്നുഫോറും ഏഴ് സിക്സുകളും പറത്തിയാണ് 93 റൺസിലെത്തിയത്.
സീസണിലെ ഒൻപതാം വിജയത്തോടെ 18 പോയിന്റുമായാണ് ഗുജറാത്ത് പട്ടികയിൽ മുന്നിലെത്തിയത്. ഡൽഹി 12 കളികളിൽ നിന്ന് 13 പോയിന്റുമായി അഞ്ചാമതാണ്.
5
കെ.എൽ രാഹുലിന്റെ കരിയറിലെ അഞ്ചാം ഐ.പി.എൽ സെഞ്ച്വറി
ഈ സീസണിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരവുമാണ് രാഹുൽ.
2
സായ് സുദർശന്റെ കരിയറിലെ രണ്ടാം ഐ.പി.എൽ സെഞ്ച്വറി.
ഈ സീസണിൽ സെഞ്ച്വറി നേടുന്ന ആറാമത്തെ താരമാണ് രാഹുൽ.
8000
ഏറ്റവും വേഗത്തിൽ ട്വന്റി-20 ഫോർമാറ്റിൽ 8000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്റർ എന്ന റെക്കാഡ് ഇനി കെ.എൽ രാഹുലിന് സ്വന്തം. ഇന്നലെ വ്യക്തിഗത സ്കോർ 30 റൺസലെത്തിയപ്പോഴാണ് രാഹുൽ വിരാടിനെ മറികടന്നത്. വിരാട് 243 മത്സരങ്ങളിൽ നിന്നാണ് 8000 കടന്നത്. രാഹുൽ തന്റെ 224-ാമത് മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കുറച്ച് മത്സരങ്ങളിൽ നിന്ന് 8000ത്തിലെത്തിയ മൂന്നാമത്തെ താരമാണ് രാഹുൽ. ക്രിസ് ഗെയ്ൽ (213), ബാബർ അസം (218) എന്നിവർ മാത്രമാണ് രാഹുലിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |