ജയ്പൂർ: പ്ലേഓഫിൽ എത്താനായില്ലെങ്കിലും ഐ.പി.എൽ പതിനെട്ടാം സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ പ്ലേഓഫ് ഉറപ്പിച്ച പഞ്ചാബ് കിംഗ്‌സിനെ 6 വിക്കറ്റിന് കീഴടക്കി ഡൽഹിയുടെ മടക്കം. അതിർത്തിയിലെ സംഘഷത്തെ തുടർന്ന് നേരത്തെ പാതി വഴിയിൽ ഉപേക്ഷിച്ച മത്സരമാണ് ഇന്നലെ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി. മറുപടിക്കിറങ്ങിയ ഡൽഹി 3 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (208/4). അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന യുവതാരം സമീർ റിസ്‌വിയാണ് (പുറത്താകാതെ 25 പന്തിൽ 58) ഡൽഹിയുടെ വിജയത്തിൽ മുന്നണിപ്പോരാളിയായത്. മറുനാടൻ മലയാളി താരം കരുൺ നായർ (27 പന്തിൽ 44), കെ.എൽ രാഹുൽ (35) എന്നിവരും തിളങ്ങി. പഞ്ചാബിനായി ഹർപ്രീത്ബ്രാർ 2 വിക്കറ്റ് വീഴ്‌ത്തി.
നേരത്തേ 34 പന്തിൽ 53 റൺസെടുത്ത ക്യാപ്ടൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്കോററായത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് തഴയപ്പെട്ട ശ്രേയസ് ആ സങ്കടം മായ്ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
മാർകസ് സ്റ്റോയിനിസ് (പുറത്താകാതെ 14 പന്തിൽ 44)അവസാനം നടത്തിയ വെടിക്കെട്ടണ് പഞ്ചാബിനെ 200 കടത്തിയത്. സീസണിൽ 7-ാം തവണയാണ് പഞ്ചാബിന്റെ സ്കോർ 200 കടന്നത്. ഡൽഹിക്കായി മുസ്തഫിസുർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നഅക്ഷറിന് പകരം ഫാഫ് ഡുപ്ലെസിസാണ് ഇന്നലെ ഡൽഹിയെ നയിച്ചത്. 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് ഒരു മത്സരം കൂടിബാക്കിയുണ്ട്.
ഗുഡ് ബൈ ലൂക്ക, കാർലോമാഡ്രിഡ് : റയൽ മാഡ‌്രിഡിന്റെ ജേഴ്സിയിൽ കരിയറിലെ അവസാന ലാലിഗ മത്സരം ജയത്തോടെ അവസാനിപ്പിച്ച് ലൂക്ക മൊഡ്രിച്ച്. സീസണിലെ അവസാന ലാലിഗ മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ എംബപ്പെയുടെ ഇരട്ടഗോളുകളുടെ പിൻബലത്തിൽ റയൽ മാഡ്രിഡ് 2-0ത്തിന്റെ ജയം നേടി. ലൂക്ക മൊഡ്രിച്ച് ക്ലബ് ലോകകപ്പിലും കൂടി റയലിന്റെ ജേഴ്സി അണിയും. അതേസമയം റയലിന്റെ കോച്ചെന്ന നിലയിൽ കാർലോ ആൻസലോട്ടിയുടെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്. റയലിന്റെ തകട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ലൂക്കായ്‌ക്കും കാർലോയ്ക്കും ഗാലറി സ്റ്റാൻഡിംഗ് ഓവിയേഷൻ നൽകി. സഹതാരങ്ങളുടേയും സോസിഡാഡ് താരങ്ങളുടേയും ആദരവും ഇരുവരും ഏറ്റുവാങ്ങി. 39കാരനായ മൊഡ്രിച്ച് 13 സീസണുകളിലായി റയലിന്റെ കിരീട നേട്ടങ്ങളിൽ പങ്കാളായായി. രണ്ട് തവണയായി 350-ഓളം മത്സരങ്ങളിൽ ആൻസലോട്ടിയുടെ ശിക്ഷണത്തിൽ റയൽ ഇറങ്ങി.15ഓളം പ്രധാന കിരീടങ്ങൾ കാർലോ റയലിന് നേടിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |